ലണ്ടൻ: രണ്ടാം തരംഗത്തിൽ രാഷ്ട്രങ്ങൾ വീണുകിടക്കെ ലോകത്ത് കോവിഡ് മരണം 30 ലക്ഷം കടന്നു. വിവിധ വകഭേദങ്ങളിൽ പടർന്നുപിടിക്കുകയും വാക്സിൻ മതിയായ അളവിൽ ലഭ്യമാകാതെ വരികയും ചെയ്യുന്നതിനിടെയാണ് മരണസംഖ്യ അതിവേഗം 30 ലക്ഷം തൊട്ട് കുതിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 10 ലക്ഷത്തിലെത്തിയതെങ്കിൽ അടുത്ത അഞ്ചു മാസംകൊണ്ട്, അഥവാ കഴിഞ്ഞ ഫെബ്രുവരിയിൽ 20 ലക്ഷത്തിലെത്തി. എന്നാൽ, അടുത്ത രണ്ടു മാസത്തിനിടെ 10 ലക്ഷം കൂടി പൂർത്തിയാക്കി 30 ലക്ഷത്തിലെത്തിയതാണ് ലോകത്തെ ഭീതിയുടെ മുനയിൽ നിർത്തുന്നത്.
യു.എസ്, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് മരണ സംഖ്യയിൽ ആദ്യ മൂന്നു സ്ഥാനക്കാർ. ഇന്ത്യയുമുണ്ട് ഏറെ വിദൂരമല്ലാതെ പിറകിൽ. കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്.
ഒന്നാമതുള്ള യു.എസിൽ ഇതുവരെയായി 5.64 ലക്ഷം പേരാണ് മരിച്ചത്. ഓരോ 567 കോവിഡ് രോഗികളിലും ഒരാൾ എന്ന തോതിൽ. രണ്ടാമതുള്ള ബ്രസീലിൽ 3.68 ലക്ഷത്തിലേറെയാണ്മരണം. യു.എസിൽ ഡോണൾഡ് ട്രംപും ബ്രസീലിൽ ജയ്് ബോൾസനാരോയും സ്വീകരിച്ച പ്രതിരോധ വിരുദ്ധ നിലപാടുകൾ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് കണക്കുകൂട്ടൽ. കോവിഡ് വെറും 'പകർച്ചപ്പനി' മാത്രമാണെന്നായിരുന്നു ബൊൾസനാരോയുടെ പ്രതികരണം. ബ്രസീലിൽ ജൂലൈയോടെ അഞ്ചു ലക്ഷം പൂർത്തിയാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആരോഗ്യ രംഗത്ത് സാമ്പത്തിക ശൂന്യത അനുഭവപ്പെടുന്ന മെക്സികോയിൽ 2.11 ലക്ഷം പേർ കോവിഡിന്‍റെ ഇരകളായിട്ടുണ്ട്. നാലാമതുള്ള ഇന്ത്യയിൽ 1.75 ലക്ഷമാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.