കടലിൽ അപകടാവസ്ഥയിലായ 300ലേറെ റോഹിങ്ക്യകൾ ഇന്തോനേഷ്യയിലെത്തി

ജകാർത്ത: 300ലേറെ റോഹിങ്ക്യൻ അഭയാർഥികളുമായി രണ്ട് ബോട്ടുകൾ ഇന്തോനേഷ്യയിലെത്തി. ആഴ്ചകളായി ഭക്ഷണവും കുടിവെള്ളവുമില്ലാതെ കടലിൽ അപകടാവസ്ഥയിൽ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ഇന്തോനേഷ്യയുടെ വടക്കൻ പ്രവിശ്യയായ ആസെഹ് ബസാറിൽ ഞായറാഴ്ച രാവിലെ ബോട്ട് കരകയറിയത്.

ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽനിന്നാണ് ഇവർ മെച്ചപ്പെട്ട ജീവിതം തേടി ജീവൻ പണയംവെച്ച് ബോട്ടിൽ യാത്രതിരിച്ചത്. ബോട്ടുടമക്ക് 363 ഡോളർ (ഏകദേശം 30,000 രൂപ) ഓരോരുത്തരും നൽകിയിരുന്നു.

2017ൽ മ്യാന്മറിലെ സൈന്യം നടത്തിയ വംശഹത്യയെ തുടർന്ന് 7,50,000 റോഹിങ്ക്യൻ മുസ്‍ലിംകളാണ് പിറന്ന നാടുപേക്ഷിച്ച് പലായനം ചെയ്തത്. ഭൂരിഭാഗവും ബംഗ്ലാദേശിലായിരുന്നു. മ്യാന്മറിൽ അവശേഷിക്കുന്ന 6,00,000 പേർക്കാവട്ടെ, ഭരണകൂടം പൗരത്വവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലെയും മ്യാന്മറിലെയും റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകളിൽ നരകതുല്യ ജീവിതം നയിക്കുന്ന ഇവർ മെച്ചപ്പെട്ട ജീവിതം തേടി മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടൽവഴി അപകടകരമായ യാത്രകൾ നടത്തുന്നത് പതിവാണ്. ഈ വർഷം മാത്രം ഈ യാത്രക്കിടയിൽ 350ലേറെ പേർ കടലിൽ ബോട്ട് മുങ്ങിമരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Tags:    
News Summary - 300 Rohingya Muslims Fleeing Myanmar Arrive in Indonesia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.