അണയാതെ ഇടനെഞ്ചിൽ...: റഫയിൽ വ്യാഴാഴ്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നെഞ്ചോട് ചേർത്ത് ഉറ്റവർ

ഗസ്സ: വിശന്നുമരിച്ച കുട്ടികൾ​ 31 ആയി; ആകെ കൊല്ലപ്പെട്ടത് 33,037 പേർ

ഗസ്സ: ഭക്ഷണ വിതരണത്തിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയതോടെ ഒരുനേരത്തെ ആഹാരം പോലും കിട്ടാതെ വിശന്നുമരിച്ച ഗസ്സയിലെ കുഞ്ഞുങ്ങളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. പട്ടിണിയും നിർജ്ജലീകരണവും മൂലമാണ് നവജാത ശിശുക്കൾ അടക്കം കൊല്ലപ്പെട്ടത്.

പോഷകാഹാരക്കുറവ് മൂലം ഗസ്സയിലെ പരിമിതമായ ആശുപത്രി സൗകര്യങ്ങളിൽ ചികിത്സയിൽ കഴിയുന്ന നിരവധി പിഞ്ചുകുട്ടികളുടെ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വടക്കൻ ഗസ്സയിലെ നിരവധി കുഞ്ഞുങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരണത്തോട് മല്ലടിക്കുകയാണെന്ന് സന്നദ്ധ സംഘടനയായ ‘കെയർ’ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഗസ്സയിലെ 2 വയസ്സിന് താഴെയുള്ള 29 ശതമാനത്തോളം കുട്ടികൾ അപകടാവസ്ഥയിലാണെന്ന് സംഘടന കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു.

“മിണ്ടാൻ പോലും കഴിയാത്ത പിഞ്ചുകുഞ്ഞുങ്ങളാണ് ഈ യുദ്ധത്തിലെ ഏറ്റവും വലിയ ഇരകൾ. ഒരു തലമുറയിലെ മുഴുവൻ കുട്ടികളുടെയും ബാല്യവും ഭാവിയും ഈ യുദ്ധം നഷ്ടപ്പെടുത്തുന്നു. തിന്നാൻ ഒന്നും കിട്ടാതെ നിങ്ങളുടെ കൺമുന്നിൽ നിങ്ങളുടെ കുഞ്ഞ് മരിക്കുന്നത് സങ്കൽപ്പിച്ചു​ നോക്കൂ... നിങ്ങളുടെ മക്കൾ ഭക്ഷണത്തിന് വിശന്നുകരയുമ്പോൾ ഒന്നും നൽകാനാകാത്ത സാഹചര്യം ഓർത്തുനോക്കൂ... തീർത്തും അസഹനീയമായിരിക്കും. ഒരിക്കലും ന്യായീകരിക്കാനുമാകില്ല. ഗസ്സയിലെ യുദ്ധം ഉടനടി നിർത്തണം...’ -​കെയർ കൺട്രി ഡയറക്ടർ ഹിബ തിബ്ബി പറയുന്നു.

യുദ്ധം തുടങ്ങിയതുമുതൽ കുറഞ്ഞത് 14,000 കുട്ടികളെങ്കിലും ഗസ്സയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും നാലുവർഷത്തെ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണിത്. ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 62 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണം 33,037 ആയി. 75,668 പേർക്ക് പരിക്കേറ്റു. ഇതിനുപുറമെ, വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലും 400ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കരയുദ്ധത്തിൽ ഇതുവരെ 256 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. 1500ലധികം പേർക്ക് പരിക്കുണ്ട്. 200ലധികം സന്നദ്ധ പ്രവർത്തകർക്കും 100ലധികം മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായി. 

Tags:    
News Summary - 31 children in Gaza have died from starvation and dehydration: PRCS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.