അവർ അവൾക്ക് ആദ്യം പോളിയോ വാക്സിൻ നൽകി; പിന്നെ കാലുകൾ ബോംബിട്ടു തകർത്തു

മൂന്നു വയസ്സുകാരി ഹനാൻ അൽ ദഖി അവളുടെ 22 മാസം പ്രായമുള്ള ഇളയ സഹോദരി മിസ്കിനൊപ്പം ആശുപത്രിക്കിടക്കയിൽ കിടന്ന് ഇടക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നു. എവിടെ എന്റെ മമ്മ? എന്റെ കാലുകൾ എവിടെ പോയി? മറ്റ് കുട്ടികളുടെ കാലുകളിലേക്ക് നോക്കിയാണ് ഹനാന്റെ ചോദ്യം. എന്നാൽ, ആ ചോദ്യങ്ങളൊക്കെ മറുപടിയില്ലാത്ത വേദനകൾ മാത്രമായി ഒടുങ്ങുന്നു.

ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചോരവാർന്ന് കാലുകൾ വെട്ടിമാറ്റിയ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ നാലു മാസമായി ആശുപത്രിയിൽ കഴിയുകയാണ്. അവരുടെ പിതാവിന്റെ സഹോദരി ഷെഫ അൽ ദഖി അന്നുമുതൽ അരികിലുണ്ട്. പക്ഷേ പെൺകുഞ്ഞിന്റെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകണമെന്ന് അവർക്കിപ്പോഴും അറിയില്ല. ഒരു ‘പേടിസ്വപ്ന’ത്താൽ വേട്ടയാടപ്പെടുകയാണ് ആ കുരുന്നുകൾ.

ഇസ്രായേൽ സൈന്യം ബോംബിട്ട് ഹനാന്റെയും മിസ്കിന്റെയും മാതാവിനെ കൊലപ്പെടുത്തുകയും കുട്ടികൾക്ക് ഗുരുതരമായ അംഗവൈകല്യം വരുത്തുകയും ചെയ്തു. സെപ്തംബർ 2ന് രാവിലെ, ഷൈമ അൽ ദഖി തന്റെ രണ്ട് പെൺമക്കളായ ഹനാനെയും മിസ്കിനെയും കൂട്ടി പോളിയോ വാക്സിൻ എടുക്കാൻ നേരത്തെ എഴുന്നേറ്റു. ഇസ്രായേലിന്റെ ഗസ്സയിലെ യുദ്ധത്തിനിടയിൽ ആളുകൾക്ക് വാഗ്ദാനം ചെയ്തതായിരുന്നു വാക്സിൻ.

പല ഘട്ടങ്ങളിലായി ഗസ്സ മുനമ്പിൽ 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള 4,48,425 കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ നൽകിയതായാണ് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. 10 വയസ്സിന് താഴെയുള്ള ജനസംഖ്യയുടെ ഏകദേശം 94ശതമാനം പേർക്കും രണ്ടാം ഡോസ് ലഭിച്ചുവെന്നും വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും യു.എൻ അവകാശപ്പെട്ടിരുന്നു. വാക്സിനേഷനുവേണ്ടി ആക്രമണത്തിന് ഇസ്രായേൽ സൈന്യം താൽക്കാലിക വിടുതൽ നൽകിയിരുന്നു.

എന്നാൽ, രണ്ടു മക്കൾക്കും വാക്സിൻ എടുത്തതിന്റെ അടുത്ത ദിവസം ദഖി കുടുംബം ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ
ദാറുൽ ബലായിലെ അവരുടെ വീടിന് നേരെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞു. അതിൽ 25 കാരിയായ ഷൈമ കൊല്ലപ്പെടുകയും ഭർത്താവ് മുഹമ്മദ് അൽ ദഖി ഉൾപ്പെടെയുള്ള കുടുംബത്തിലെ മറ്റുള്ളവർക്ക് പരിക്കേൽക്കുകയും രണ്ട് പെൺകുഞ്ഞുങ്ങളുടെ കാലുകൾ കീറിപ്പറിയുകയും ചെയ്തു.

ഹനാന് ഗുരുതരമായി പരിക്കേറ്റു. അവളുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു. ഒന്ന് കാൽമുട്ടിന് മുകളിലും ഒന്ന് താഴെയും. മുഖവും കുടലും ഉൾപ്പെടെ ശരീരത്തിലുടനീളം മുറിവുകൾ ഏറ്റുവാങ്ങി. ശസ്ത്രക്രിയ നടത്തി കുടലിന്റെ ഒരു ഭാഗം നീക്കം ​ചെയ്യേണ്ടി വന്നു. ഇതിനിടെ, കൊച്ചു മിസ്‌കിനും ഇടതു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. മസ്തിഷ്‌ക രക്തസ്രാവവും നെഞ്ചിലേറ്റ മുറിവുമുൾപ്പെടെ ഇവരുടെ പിതാവ് മുഹമ്മദ് (31) രണ്ടാഴ്ച തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

‘നാലു മാസമായി ഞങ്ങൾ ഒരു പേടിസ്വപ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്’- ആക്രമണത്തിന് ശേഷം ദുർബലയും അസ്ഥിരവുമായ ഹനാനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ 28കാരിയായ ഷെഫ പറയുന്നു. രണ്ട് പെൺകുട്ടികളും ഭയങ്കര പരിഭ്രാന്തിയിലാണ്. നിരന്തരം അമ്മായിയോട് പറ്റിനിൽക്കുന്നു.

അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും പെൺകുട്ടികളെ ഓർത്ത് ഷെഫ കരയുന്നു. ഒരുപാതിയിൽ സങ്കടത്താലും മറുപാതിയിൽ അവരുടെ ഭാവി എന്തായിരിക്കുമെന്ന ഭീതിയാലും. എനിക്ക് അവളോട് ഇപ്പോൾ പറയാൻ കഴിയുന്നത് അവളുടെ അമ്മ സ്വർഗത്തിലാണെന്നാണ്. ഏതുതരത്തിലുള്ള ഭാവിയാണ് ഇനി അവർ പ്രതീക്ഷിക്കേണ്ടത്? വളരുമ്പോൾ അവർക്ക് എന്താണ് തോന്നുക? അവരുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളിൽ നിന്ന് എത്ര വ്യത്യസ്തരാണെന്നത് അവർ കാണും. ഹനാൻ ഇഷ്ടപ്പെട്ട വസ്ത്രം ഇനിയെങ്ങനെ ധരിക്കും? മനോഹരമായ വസ്ത്രങ്ങളോ ഷൂകളോ ആവശ്യപ്പെടുമ്പോൾ ഞാനെന്താണ് പറയുക? ഹനാനെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടാണ്. കാരണം, അവൾ സഹോദരിയെക്കാൾ കൂടുതൽ മനസ്സിലാക്കുന്നു. അവളുടെ പരിക്കുകൾ വളരെ ഗുരുതരമായിരുന്നു -താങ്ങാനാവാത്ത വേദനയോടെ ഷെഫ പറയുന്നു.

പെൺകുട്ടികൾക്ക് മാനസിക പിന്തുണ നൽകാനുള്ള ഒരു സംവിധാനവുമില്ലാത്ത തിരക്കേറിയതും സൗകര്യമില്ലാത്തതുമായ അന്തരീക്ഷത്തിലാണ് ആശുപത്രിയും ജീവനക്കാരും പ്രവർത്തിക്കുന്നത്. മൂന്ന് കുട്ടികളുടെ മാതാവായ ഷെഫ രണ്ട് പെൺകുഞ്ഞുങ്ങളെക്കൂടി പരിചരിക്കുകയാണിപ്പോൾ. പിതാവിനു പുറമെ കൊല്ലപ്പെട്ട ഷൈമയുടെ മാതാവും  പിതൃസഹോദരൻ അഹമ്മദും ഇടക്കിടെ ആശുപത്രിയിലെത്തും. കഴിയുമ്പോഴെല്ലാം ഇവർ കുരുന്നുകൾക്ക് ചെറിയ പലഹാരപ്പൊതികൾ കൊണ്ടുവരും. പെൺകുട്ടികൾ പലപ്പോഴും കളിപ്പാട്ടങ്ങൾ ആവശ്യപ്പെടുന്നു. പക്ഷെ, ഇസ്രായേൽ സൈന്യത്തിന്റെ അനന്തമായ ആക്രമണത്തിനും ദാരിദ്ര്യത്തിനുമിടയിൽ അവയൊന്നും അവർക്ക് കണ്ടെത്താനാവുന്നില്ല.

എന്തുതന്നെ നൽകിയാലും നമുക്കാർക്കും ഒരു മാതാവിനു പകരമാവാൻ കഴിയില്ല. ഒരിക്കലും അതിന് കഴിയില്ല - ചുവന്ന് കലങ്ങിയ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുക്കി ഷെഫ  പറയുന്നു.

Tags:    
News Summary - Gaza toddlers got the polio vaccine, then an Israeli bomb took their legs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.