ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി; 35 പേർക്ക് ദാരുണാന്ത്യം -ഞെട്ടിക്കുന്ന വിഡിയോ

ബീജിങ്: ചൈനയിലെ ഷുഹായ് നഗരത്തിൽ സ്റ്റേഡിയത്തിനു പുറത്ത് വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഫാൻ എന്ന് വിളിപ്പേരുള്ള മധ്യവയസ്കനാണ് പരാക്രമം നടത്തിയത്. ഷുഹായ് സ്പോർട്സ് സെന്ററിന്‍റെ ഗേറ്റ് ഇടിച്ചു തെറിപ്പിച്ചശേഷം എസ്.യു.വി വ്യായാമം ചെയ്യുന്ന ആൾക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റെന്ന് മാത്രമാണ് ആദ്യഘട്ടത്തിൽ അധികൃതർ പറഞ്ഞിരുന്നത്.

എന്നാൽ, സംഭവ സ്ഥലത്തുതന്നെ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റ് നിലത്ത് കിടക്കുന്നവരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നാലെയാണ് 35 പേർ കൊല്ലപ്പെട്ടെന്ന് അധികൃതർ വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വെക്കലിൽ അസംതൃപ്തനായ ഫാൻ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ കഴുത്തിലും മറ്റും സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ഫാൻ കോമയിലാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കുമെന്നും പ്രതിക്ക് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ വാങ്ങികൊടുക്കുമെന്നും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അറിയിച്ചു. ചൈനയിലെ ഏറ്റവും വലിയ എയർ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്.

Tags:    
News Summary - 35 Killed, 43 Injured After Car Ploughs Into Crowd Exercising Outside Stadium In China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.