ടോക്കിയോ: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. ഇതോടെ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്‌ട്ര സർവീസുകൾ വൈകി. ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചു.
എയർലൈനിന്റെ എല്ലാ സിസ്റ്റങ്ങളിലും രാവിലെ 7.24 ഓടെയാണ് തകരാർ സംഭവിച്ചത്. ഇതോടെ ഉപഭോക്താക്കളെയും കമ്പനിയേയും ബന്ധിപ്പിക്കാൻ കഴിയാതെയായി. ഫ്ലൈറ്റുകൾ പിടിച്ചിടേണ്ടി വന്നതോടെ എയർപോർട്ടിൽ കാത്തുനിന്ന യാത്രക്കാരുടെ എണ്ണവും കൂടാൻ തുടങ്ങി. ഉപഭോക്താക്കൾ നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ജപ്പാൻ എയർലൈൻസ് അറിയിച്ചു.
നിലവിൽ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് പുറപ്പെടേണ്ട ആഭ്യന്തര-അന്താരാഷ്‌ട്ര സർവീസുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന നിർത്തലാക്കിയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.
1951 ഓഗസ്റ്റ് ഒന്നിന് പ്രവർത്തനമാരംഭിച്ച ജപ്പാൻ എയർലൈൻസ് സ്വകാര്യ കമ്പനിയായാണ് തുടങ്ങിയതെങ്കിലും വൈകാതെ തന്നെ സർക്കാർ ഏറ്റെടുത്തു. പിന്നീട് 1987-ൽ എയർലൈൻ പൂർണമായും സ്വകാര്യവത്കരിക്കുകയായിരുന്നു. ടോക്കിയോയിലെ നരിത, ഹനേദ എയർപോർട്ടുകളാണ് ജപ്പാൻ എയർലൈൻസിന്റെ പ്രധാന ഹബ്ബുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.