ഗസ്സ സിറ്റി: ഗസ്സയിൽ വംശഹത്യ തുടർന്ന് ഇസ്രായേൽ. നുസൈറാത്ത്, മഗാസി, യബ്ന അഭയാർഥി ക്യാമ്പുകളിലടക്കം വ്യാപകമായ ആക്രമണമാണ് ബുധനാഴ്ചയും ഇസ്രായേൽ നടത്തിയത്. 24 മണിക്കൂറിനിടെ 40 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽമഗാസി ക്യാമ്പിൽ കുരുന്നുകളടക്കം 11 പേർ കൊല്ലപ്പെട്ടപ്പോൾ റഫയിലെ യബ്ന ക്യാമ്പിലെ ബോംബിങ്ങിൽ നാലു കുട്ടികളടക്കം ഏഴുപേരും മരിച്ചു.
അതിനിടെ, വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റു. നാലു പേരുടെ പരിക്ക് ഗുരുതരമാണ്. ഇസ്രായേലിലെ അറബ് അൽ അറാംഷിയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കിയാണ് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതെന്ന് ഹിസ്ബുല്ല പറയുന്നു.
ഗുരുതരമായി പരിക്കേറ്റവരെ ഇസ്രായേലിലെ ഗലീലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ സൈനിക രഹസ്യാന്വേഷണ കമാൻഡ് സെന്ററിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു. ചൊവ്വാഴ്ച ഐൻ ബാലിലും ഷെഹാബിയയിലും തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നും ഇവർ വ്യക്തമാക്കി.
അതേസമയം, ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിന് പിന്തുണ അറിയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൺ ടെൽ അവീവിലെത്തി. ബ്രിട്ടൻ, ഫ്രാൻസ് അടക്കം ലോകരാജ്യങ്ങൾ നൽകിയ പിന്തുണക്ക് ഇസ്രായേൽ നന്ദി അറിയിച്ചിരുന്നു. തങ്ങൾ സ്വന്തമായാണ് തീരുമാനമെടുക്കുന്നതെന്നും സ്വയം പ്രതിരോധത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന് പിന്തുണ അറിയിച്ചതിനൊപ്പം ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ അടിച്ചേൽപിക്കാൻ യു.എസും യൂറോപ്യൻ യൂനിയനും ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.