ജിദ്ദ: 2021ൽ ഏകദേശം 58,745 തീർത്ഥാടകർ ഹജ്ജ് നിർവഹിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ രേഖകളെ അടിസ്ഥാനമാക്കി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സൗദിയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ രാജ്യത്തിനകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായിരുന്നു കഴിഞ്ഞ വർഷം ഹജ്ജിന് അനുമതി നൽകിയിരുന്നത്. കോവിഡ് മഹാമാരി അതിന്റെ ഉച്ചസ്ഥായിയിലായതിനാൽ 2020 ൽ തീർത്ഥാടകരുടെ എണ്ണം 1,000 ത്തിൽ മാത്രം പരിമിതപ്പെടുത്തിയിരുന്നു.
2021 ൽ സ്വദേശി തീർഥാടകരുടെ ആകെ എണ്ണം 56 ശതമാനം (33,000) ആയിരുന്നു. ഇവരിൽ ഏകദേശം 50.7 ശതമാനം പുരുഷന്മാരും 49.3 ശതമാനം സ്ത്രീകളുമായിരുന്നു. മൊത്തം തീർത്ഥാടകരിൽ 44 ശതമാനം (25,745) ആയിരുന്നു വിദേശികൾ. ഇവരിൽ 63.9 ശതമാനം പുരുഷന്മാരും 37.1 ശതമാനം സ്ത്രീകളുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഹജ്ജ് തീർത്ഥാടനത്തിലും കുട്ടികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഈ വർഷത്തെ ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകർക്ക് അനുമതി ഉണ്ടാവും എന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓരോ രാജ്യങ്ങൾക്കുമുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.