ലിമ: പെറുവിന്‍റെ വടക്കൻ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 75 ഓളം വീടുകൾ തകർന്നു. പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പള്ളി ഗോപുരവും തകർന്നിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകർന്നത്.
ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം 131 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അയൽരാജ്യമായ ഇക്വേഡാറിലും ഭൂചലനം ആഘാതം സൃഷ്ടിച്ചു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയിൽനിന്ന് 98 കിലോമീറ്റർ കിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പ്രദേശത്ത് നിരവധി റോഡുകൾ തകർന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു.
തലസ്ഥാന നഗരമായ ലിമ, തീരദേശ, ആൻഡിയൻ എന്നിവ ഉൾപ്പെടെ രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളിൽ ഭൂചലനം ആഘാതം സൃഷ്ടിച്ചു.
എല്ലാ വർഷവും ചെറുതും വലുതുമായ 400ഓളം ഭൂകമ്പങ്ങൾക്ക് സാക്ഷിയാകുന്ന രാജ്യമാണ് പെറു. 2007 ആഗസ്റ്റ് 15നുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 500ൽ അധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.