ഇസ്രായേൽ ആക്രമണത്തിൽ ​കൊല്ലപ്പെട്ട 10വയസുകാരി റഷ

​'എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണം, കളിപ്പാട്ടങ്ങൾ ബതൂലിനും; മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്'

10 വയസുള്ള കുട്ടികൾ സാധാരണയായി കളിത്തിരക്കുകളിലാവും സദാസമയവും. അതിനിടയിൽ അവർ വിൽപത്രം എഴുതിവെക്കുമെന്ന് ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. എന്നാൽ ഗസ്സയിലെ സ്ഥിതി മറ്റിടങ്ങളെ പോലെയല്ല, മരണം കൺമുന്നിൽ കണ്ടാണ് അവിടത്തെ കുഞ്ഞുങ്ങൾ വളരുന്നത്. അതിനിടക്കാണ് 10 വയസുകാരിയുടെ റഷയെന്ന കുഞ്ഞു പെൺകുട്ടിയുടെ വിൽപത്രം ലോകത്തിന്റെ നോവായി മാറിയത്.

എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും  സഹോദരൻ അഹ്മദിനോട് ദേഷ്യപ്പെടരുതെന്നും അവനൊരു പാവമാണെന്നുമാണ് റഷ വിൽപത്രത്തിൽ എഴുതിയത്. ഞാൻ മരിച്ചുപോയാൽ അതോർത്ത് ആരും കരയരുതെന്നും അവൾ പറയുന്നുണ്ട്. ''എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം റഹഫ്, സാറ, ജൂഡി, ലാന എന്നിവർക്ക് നൽകണം. എന്റെ സഹോദരൻ അഹ്മദിനോട് ദേഷ്യപ്പെടരുത്​. എന്റെ കഥകളും നോട്ടുപുസ്തകങ്ങളും റഹഫിന് നൽകണം. കളിപ്പാട്ടങ്ങൾ ബതൂലിനും.''-ഇങ്ങനെയാണ് നോട്ട്ബുക്കിന്റെ പേജിലെഴുതിയ കുറിപ്പിലുള്ളത്.

റഷയും സഹോദരൻ അഹ്മദും

 

സെപ്റ്റംബർ 30ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റഷയും സഹോദരൻ അഹ്മദും കൊല്ലപ്പെട്ടത്.റഷയും അഹ്മദും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. ആക്രമണത്തിൽ അഹ്മദ് രക്ഷപ്പെടുമെന്നാണ് റഷ കരുതിയത്. ഒരുമിച്ചാണ് അവർ വളർന്നത്. അഹ്മദിന് 11 വയസായിരുന്നു മരിക്കുമ്പോൾ പ്രായം. ഒടുവിൽ ഒരേ കുഴിമാടത്തിൽ തന്നെ അവർ ഉറങ്ങാനും കിടന്നു. ​

ആക്രമണത്തിൽ അവരുടെ വീടും തകർന്നു. 2023 ഒക്ടോബർ ഏഴു മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 16,700ലധികം കുട്ടികളുടെ ജീവനാണ് നഷ്ടമായത്. അതോടൊപ്പം 17,000 കുട്ടികൾക്കെങ്കിലും മാതാപിതാക്കളെയും നഷ്ടമായി.


Tags:    
News Summary - A Gaza child’s last will

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.