​ക്ലബ്ബിലെ പൂളിൽ വീണ വയോധിക ചീങ്കണ്ണിയുടെ ​ആക്രമണത്തിൽ മരിച്ചു

ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡയിൽ ക്ലബ്ബിലെ പൂളിൽ വീണ വയോധിക ചീങ്കണ്ണികളുടെ ആക്രമണത്തിൽ മരിച്ചു. എംഗിൾവുഡിലുള്ള ബൊക്ക റോയൽ ഗോൾഫ് ആൻഡ് കൺട്രി ക്ലബ്ബിലെ കുളത്തിലാണ് രാത്രി 7.30ന് വയോധിക വീണത്. വെള്ളത്തിൽ വീണ അവർക്ക് ഉയർന്നുവരാനായില്ലെന്ന് സരസോട്ട കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു. വെള്ളത്തിൽ വീണ അവരെ രണ്ട് ചീങ്കണ്ണികൾ പിടികൂടി. അതോടെ അവർക്ക് വെള്ളത്തിനു മുകളിലേക്ക് ഉയർന്നുവരാനായില്ല. സംഭവസ്ഥലത്ത് തന്നെ അവർ മരിച്ചു. റോസ് വീഗാൻഡ് (80) എന്ന സ്ത്രീയാണ് മരിച്ചത്.

സംഭവത്തെ തുടർന്ന് ചീങ്കണ്ണികളെ പിടിക്കാനായി ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമീഷൻ സ്ഥലത്തെത്തി. രണ്ട് ചീങ്കണ്ണികളെ നീക്കം ചെയ്തെങ്കിലും കൊലയാളി ചീങ്കണ്ണികൾ തന്നെയാണോ ഇവയെന്ന കാര്യത്തിൽ ഉറപ്പില്ല.

പിടിച്ചെടുത്ത ചീങ്കണ്ണികളിൽ ഒന്നിന് എട്ടടി, 10 ഇഞ്ച് നീളവും മറ്റൊന്നിന് ഏഴടി, ഏഴിഞ്ച് നീളവും ഉണ്ട്.ചീങ്കണ്ണികളുടെ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.

ക്ലബ്ബിലെ കുളത്തിൽ ചീങ്കണ്ണിയുടെ ആക്രമണത്തിനിരയായി സ്ത്രീ മരിച്ചത് ദാരുണമായ സംഭവമാണെന്ന് ബൊക്ക റോയൽ ഗോൾഫ് ആൻഡ് കൺട്രി ക്ലബ് ജനറൽ മാനേജർ ഡഗ് ഫൂട്ട് പറഞ്ഞു. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. സംഭവത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - A woman fell into the pool and died after being attacked by alligators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.