ഗർഭച്ഛിദ്രം: യു.എസ് കോടതികളിൽ നിയമപോരാട്ടം

ന്യൂ ഓർലിയൻസ്: ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന യു.എസ് സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ച് അമേരിക്കൻ സംസ്ഥാന കോടതികളിൽ നിയമപോരാട്ടം കനക്കുന്നു. ഗർഭച്ഛിദ്രം അനുവദിക്കണമോ എന്ന് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന സുപ്രീംകോടതി ഉത്തരവാണ് വ്യവഹാരപ്രളയത്തിന് വഴി മരുന്നിട്ടത്.

ലൂയീസിയാനയിലും യൂട്ടായിലും ഗർഭച്ഛിദ്ര നിരോധനം താൽകാലികമായി മരവിപ്പിച്ചപ്പോൾ സൗത്ത് കരോലിനയിൽ നിരോധനം കർശനമാക്കി. ഒരു വിഭാഗം ആളുകൾ നിരോധനം ഉടൻ നടപ്പിൽ വരുത്തണമെന്ന് വാദിക്കുമ്പോൾ മറുപക്ഷം താൽകാലികാശ്വാസം തേടുകയാണ്. 13 സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഉടൻ പ്രാബല്യത്തിലായി.

റോ-വേഡ് കേസിലെ വിധിയെ തുടർന്ന് കടലാസിലൊതുങ്ങിയ പല ഗർഭച്ഛിദ്രനിയമങ്ങളും പൊടി തട്ടിയെടുക്കാനും പുതിയവ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എതിർവാദങ്ങൾ കേൾക്കാൻ 14 ദിവസത്തേക്കാണ് സംസ്ഥാനത്തെ ഏറക്കുറെ പൂർണമായ ഗർഭച്ഛിദ്രനിരോധന നിയമം യൂട്ടായിലെ കോടതി മരവിപ്പിച്ചത്.

ആക്ടിവിസ്റ്റുകൾ, നിലവിലുള്ള നിയമം വ്യക്തമല്ലെന്ന് വാദിച്ചതോടെ ലൂയീസിയാനയിലും താൽക്കാലികമായി മരവിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും ചില ഗർഭച്ഛിദ്ര ക്ലിനിക്കുകൾ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Abortion: Legal battle in US courts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.