ജനീവ: ഗസ്സയിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ ഗസ്സ സന്നദ്ധ പ്രവർത്തന, പുനർനിർമാണ വിഭാഗം കോഓഡിനേറ്റർ സിഗ്രിഡ് കാഗ് സുരക്ഷ സമിതിയിൽ ആവശ്യപ്പെട്ടു. മനുഷ്യനിർമിത പ്രതിസന്ധി വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്നും സമയം പാഴാവുകയാണെന്നും അവർ പറഞ്ഞു.
ഇസ്രായേലിന്റെ ഒഴിപ്പിക്കൽ ഉത്തരവും ഏറ്റുമുട്ടലുകളും നിയമലംഘനങ്ങളും ഗസ്സയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തടസ്സമാണ്. സഹായം എത്തിക്കുന്നതിന് ഇസ്രായേൽ അനുമതി നിഷേധിക്കുകയും വൈകിപ്പിക്കുകയുമാണ്. സുരക്ഷിതത്വമില്ലായ്മയും ഗതാഗത സൗകര്യങ്ങളുടെ കുറവും അനുഭവപ്പെടുന്നുണ്ടെന്നും കാഗ് പറഞ്ഞു.
50,000ത്തിലേറെ ട്രക്കുകളിലായി 10 ലക്ഷം ടണിലേറെ സഹായങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന യു.എന്നിലെ ഇസ്രായേൽ സ്ഥാനപതിയുടെ അവകാശവാദത്തെ കാഗ് വിമർശിച്ചു. എത്ര ട്രക്കുകളിൽ സഹായം വിതരണം ചെയ്തു എന്നതല്ല; മറിച്ച്, മനുഷ്യർ എന്ന നിലയിൽ ഗസ്സയിലെ ജനങ്ങൾക്ക് എന്താണ് ആവശ്യം എന്നതാണ് ചോദ്യം. ദിനേന ആവശ്യമുള്ളത് മാത്രമല്ല, മാന്യമായ ജീവിതംകൂടി അവർക്ക് വേണമെന്നും സന്നദ്ധ പ്രവർത്തകർക്കും സ്കൂളുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി സിഗ്രിഡ് കാഗ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.