ഗസ്സയിൽ ബോംബുവർഷം തുടരുന്ന ഇസ്രായേലിന്, വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കുന്നത് തിരിച്ചടിയാകുമെന്ന് യു.എസിന് ആശങ്ക. ഇസ്രായേലി പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഉൾപ്പെടെ യുദ്ധ കാബിനറ്റിലെ ഒരുവിഭാഗം തീവ്രപക്ഷക്കാർക്ക് ഹിസ്ബുല്ലക്ക് നേരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ലബനാനിലെ അവരുടെ കേന്ദ്രങ്ങളിൽ മുൻകൂർ ആക്രമണം നടത്തണമെന്നും നിലപാടുണ്ട്. പക്ഷേ, അത്തരമൊരു നടപടി ഹിസ്ബുല്ലയെ തുറന്നയുദ്ധത്തിലേക്ക് ആനയിക്കുമെന്നും ഗസ്സയിൽ കരയുദ്ധത്തിന് തയാറെടുക്കുന്ന ഐ.ഡി.എഫിന് (ഇസ്രായേൽ ഡിഫൻസ് ഫോഴ്സ്) അത് വലിയ ബാധ്യതയാകുമെന്നുമാണ് അമേരിക്കൻ നിഗമനം.
കഴിഞ്ഞയാഴ്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാലന്റ് ഹിസ്ബുല്ല കാർഡ് ഉയർത്തിയെങ്കിലും ബ്ലിങ്കൻ വഴങ്ങിയില്ല. പിന്നീട് പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിധ്യത്തിൽ നടന്ന യുദ്ധകാബിനറ്റ് യോഗത്തിലും ഗാലന്റ് പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഇരട്ടയുദ്ധത്തിന്റെ അപകടങ്ങളെക്കുറിച്ച് ബൈഡൻ സൂചിപ്പിച്ചു. അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്ക നയിച്ച യുദ്ധത്തിന്റെ വിനാശകരമായ ഫലത്തെക്കുറിച്ച് യുദ്ധ കാബിനറ്റിൽ വിശദമായി സംസാരിച്ച ബൈഡൻ, പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഹിസ്ബുല്ലയുടെ പ്രകോപനങ്ങൾക്ക് നേരെ തൽക്കാലം കണ്ണടക്കാൻ നെതന്യാഹു തീരുമാനിച്ചതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഹിസ്ബുല്ലയുടെ ആൻറി ടാങ്ക് മിസൈൽ പ്രയോഗത്തിൽ അമേരിക്കൻ പൗരത്വമുള്ള ഇസ്രായേലി റിസർവ് സൈനികൻ കൊല്ലപ്പെട്ടിട്ടും നിരീക്ഷണ ടവറുകൾക്കും മറ്റു സംവിധാനങ്ങൾക്കുമെതിരെ നിരന്തരം ആക്രമണമുണ്ടായിട്ടും പരിമിതമായ തോതിലുള്ള പ്രതികരണം മാത്രമാണ് തിരിച്ചുണ്ടാകുന്നത്. ലബനാൻ അതിർത്തിപ്രദേശത്തെ നിരവധി ജനവാസകേന്ദ്രങ്ങൾ ഇതിനകം ഇസ്രായേൽ ഒഴിപ്പിച്ചിട്ടുമുണ്ട്.
നിലവിൽ സംയമനം പാലിക്കുന്നുണ്ടെങ്കിലും അനുദിനം വടക്കൻമേഖലയിലെ സ്ഥിതി വഷളായി വരുകയാണ്. ഞായറാഴ്ചയും കാര്യമായ ഉരസലുകൾ ഉണ്ടായി. ഹിസ്ബുല്ലയുടെ ആന്റി ടാങ്ക് മിസൈൽ പ്രയോഗത്തിനെതിരെ ഇസ്രായേൽ വ്യോമസേന ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. സാഹചര്യം നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രി നെതന്യാഹു നേരിട്ട് എത്തുകയും ചെയ്തു. ഹിസ്ബുല്ലയെ നേരിടുന്ന വടക്കൻ മേഖലയിലെ കമാൻഡ് ബ്രിഗേഡ് കേന്ദ്രം ഞായറാഴ്ച അപ്രതീക്ഷിതമായി സന്ദർശിച്ച നെതന്യാഹു സൈനികരോട് ദീർഘനേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്.
സാഹസത്തിന് മുതിർന്നാൽ ഹിസ്ബുല്ല വലിയ വില കൊടുക്കേണ്ടിവരുമെന്ന് താക്കീതുനൽകാനും നെതന്യാഹു മറന്നില്ല. എന്നാൽ, ഗസ്സയിൽ കരയുദ്ധം ആരംഭിച്ചാൽ നോക്കിനിൽക്കില്ലെന്ന വെല്ലുവിളിയുമായി ഹിസ്ബുല്ല ഉപമേധാവി ശൈഖ് നഈം കാസിം രംഗത്തുവന്നത് അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സംശയം കനപ്പിക്കുന്നു. അതിർത്തിയിലെ ആക്രമണങ്ങൾ ഇസ്രായേലിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗവും തങ്ങൾ എന്തിനും ഒരുക്കമാണെന്ന പ്രഖ്യാപനവുമാണെന്നാണ് ശൈഖ് നഈം പറഞ്ഞത്.
‘താഡി’ന്റെ ഉന്നമാര് ?
യുദ്ധം പടരുമെന്ന ആശങ്കകൾ കനക്കുന്നതിനിടെയാണ് മേഖലയിലേക്ക് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ അയക്കാനുള്ള പെന്റഗണിന്റെ നീക്കം. അത്യാധുനിക ‘താഡ്’ മിസൈൽ സംവിധാനവും കൂടുതൽ പാട്രിയറ്റ് മിസൈലുകളും വിന്യസിക്കാനാണ് തീരുമാനം. 5500 കിലോമീറ്റർ പരിധിയുള്ള ഇൻറർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വരെ പ്രതിരോധിക്കാൻ കെൽപുള്ള ആന്റി ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സംവിധാനമാണ് ടെർമിനൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താഡ്). ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിന്റെ സ്കഡ് മിസൈലുകളെ നേരിട്ടുള്ള അനുഭവത്തിൽനിന്ന് വികസിപ്പിച്ചെടുത്തതാണ് താഡ് സംവിധാനം.
ഹമാസിനോ ഹിസ്ബുല്ലക്കോ ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലുകൾ ഇല്ലെന്നിരിക്കെ, ഇറാനെ ഉദ്ദേശിച്ച് മാത്രമാണ് ‘താഡ്’ വിന്യാസമെന്ന് വ്യക്തമാണ്. ഉത്തര കൊറിയയുടെ ഭീഷണി കനത്തുനിന്ന 2016ൽ ദക്ഷിണ കൊറിയയിൽ അമേരിക്ക ‘താഡ്’ വിന്യസിച്ചത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. യമനിലെ ഹൂതി വിമതർ അബൂദബിക്കെതിരെ 2022 ജനുവരിയിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെ നേരിട്ടത് അവിടെ വിന്യസിച്ചിരുന്ന താഡ് സംവിധാനമാണ്. ഇന്നത്തെ നിലയിൽ വികസിപ്പിച്ചശേഷമുള്ള ആദ്യത്തെ സൈനിക ഉപയോഗമായിരുന്നു അത്.
നെതന്യാഹു പ്രതിരോധത്തിൽ
അതിനിടെ, നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം കനക്കുകയാണ്. നെതന്യാഹുവിന്റെ നേതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ, സൈനിക, ഇന്റലിജൻസ് മേഖലകളിലുള്ളവർ രംഗത്തെത്തി. രാജ്യം സ്ഥാപിച്ച ശേഷമുള്ള ഏറ്റവും കനത്ത ആഘാതമാണ് ഒക്ടോബർ ഏഴിന് സംഭവിച്ചതെന്നും ഈ പരാജയത്തിന്റെ ഭാരംപേറുന്ന നെതന്യാഹുവിനെ ജനം വിശ്വസിക്കുന്നില്ലെന്നും മുൻ പ്രധാനമന്ത്രി യഹൂദ് ബറാക് പറഞ്ഞു.
നെതന്യാഹു സ്ഥാനമൊഴിയണമെന്ന് ഐ.ഡി.എഫിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫും എയർഫോഴ്സ് കമാൻഡറുമായ ലെഫ്. ജനറൽ ഡാൻ ഹാലുത്സ് ആവശ്യപ്പെട്ടു. അദ്ദേഹം രാജ്യത്തോട് മാപ്പുപറയുമെന്ന് കരുതുന്നില്ല. പൗരൻമാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ചീഫ് ഓഫ് സ്റ്റാഫും ഇൻറലിജൻസ് വിഭാഗം തലവനും സൈനിക മേധാവിയുമൊക്കെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. മുന്നിലുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ അവർ ഇപ്പോൾ ശ്രദ്ധയൂന്നണം. അതിനുശേഷം സ്ഥാനമൊഴിഞ്ഞുപോകണം.
അതുതന്നെയാണ് പ്രധാനമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷേ, അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. സംഭവങ്ങൾ ആരംഭിച്ച ആ നിമിഷം മുതൽ അദ്ദേഹം സ്വന്തം ഭാവിയെക്കുറിച്ചാണ് ആലോചിക്കുന്നത്, ജനതയെക്കുറിച്ചല്ല -ഡാൻ ഹാലുത്സ് വിമർശിച്ചു. സർക്കാർ പ്രവർത്തിക്കുന്നില്ലെന്നും ഭരണസംവിധാനം വലിയ ദുരന്തമാണെന്നും മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥപ്രമുഖൻ ആവി മെലാമെദും അഭിപ്രായപ്പെട്ടു.
ഒക്ടോബർ ഏഴിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കണമെന്ന് 80 ശതമാനം ഇസ്രായേലികളും ആവശ്യപ്പെടുകയാണെന്ന് പ്രമുഖ ഹീബ്രു ദിനപത്രമായ മാഅരിവ് നടത്തിയ സർവേയിൽ വ്യക്തമായി. പ്രധാനമന്ത്രിയാകാൻ നെതന്യാഹുവിന് യോഗ്യതയുണ്ടെന്ന് കരുതുന്നത് 28 ശതമാനം മാത്രമാണ്. അതേസമയം, 65 ശതമാനം ഇസ്രായേലികളും ഗസ്സയിലെ കരയുദ്ധത്തെ അനുകൂലിക്കുകയാണ്. 21 ശതമാനം എതിർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.