ഭീകരാക്രമണം: മാലിയില്‍ അടിയന്തരാവസ്ഥ

ബമാകോ: ഭീകരാക്രമണത്തെ തുടര്‍ന്ന് മാലിയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്ത അടിയന്തര മന്ത്രിസഭായോഗം വിളിച്ചാണ് ദേശീയ ടെലിവിഷനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ഒൗദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ രണ്ട് തീവ്രവാദികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായും എഴ് പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്‍റ് അറിയിച്ചു. നേരത്തേ 27 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഹേല്‍ മേഖലയിലെ നേതാക്കന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഛാഡിലായിരുന്ന പ്രസിഡന്‍റ് പരിപാടി റദ്ദാക്കി തിരിച്ചെത്തുകയായിരുന്നു.


തലസ്ഥാന നഗരിയായ ബമാകോയിലെ പ്രമുഖ ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഇന്ത്യക്കാരടക്കം 170 പേരെ ബന്ദികളാക്കിയിരുന്നു. ഒമ്പതുമണിക്കൂര്‍ നീണ്ട സുരക്ഷാനടപടിയില്‍ 20 ഇന്ത്യക്കാരടക്കം 143 ബന്ദികളെയും രക്ഷപ്പെടുത്തുകയായിരുന്നു.

ബമാകോയിലെ ആഡംബര ഹോട്ടലായ റാഡിസണ്‍ ബ്ലൂവില്‍ പ്രാദേശിക സമയം രാവിലെ ഏഴിനായിരുന്നു സംഭവം. നയതന്ത്ര പ്രതിനിധികള്‍ എന്ന ബോര്‍ഡ് വെച്ച കാറില്‍ ഹോട്ടല്‍ വളപ്പിലെത്തിയ തോക്കുധാരികളായ ആക്രമിസംഘം ഹോട്ടലിനുള്ളില്‍ കടന്ന് 140 അതിഥികളെയും 30 ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ അതിഥികളുടെ മുറികളില്‍ കയറി വെടിയുതിര്‍ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.


മാലിയിലുള്ള യു.എന്‍ സമാധാന സേനയും മാലി കമാന്‍ഡോകളും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഭീകരവാദികള്‍ക്കെതിരെ ഓപറേഷന്‍ നടത്തുന്ന ഫ്രഞ്ച് സൈനികരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മുറബ്ബിത്തൂന്‍ എന്ന തീവ്രവാദി സംഘടന സംഭവത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്.  

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.