പൊതുഫണ്ടില്‍നിന്ന് വീടുനിര്‍മാണം: ജേക്കബ് സുമ ഭരണഘടന ലംഘിച്ചുവെന്ന്

ജൊഹാനസ് ബര്‍ഗ്: പൊതുഫണ്ടില്‍നിന്ന് പണമുപയോഗിച്ച് സ്വകാര്യവസതി മോടിപിടിപ്പിച്ച പ്രസിഡന്‍റ് ജേക്കബ് സുമ പണം തിരിച്ചടക്കാത്തതിലൂടെ ഭരണഘടനാലംഘനം നടത്തിയതായി ദക്ഷിണാഫ്രിക്കന്‍ ഹൈകോടതി. 105 ദിവസത്തിനകം പണം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി സുമയോട് നിര്‍ദേശിച്ചു. 11 അംഗ പാനലിന്‍േറതാണ് ഉത്തരവ്. പൊതുഖജനാവില്‍നിന്ന് 1.6 കോടി ഡോളര്‍ ഉപയോഗിച്ചാണ് സുമ വീട് മോടിപിടിപ്പിച്ചത്. തുക തിരിച്ചുപിടിക്കാന്‍ അഴിമതിവിരുദ്ധ നിരീക്ഷണ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും സുമ അവഗണിക്കുകയായിരുന്നു. പിന്നീട് ഉപയോഗിച്ച പൊതുഫണ്ടിന്‍െറ ഒരുഭാഗം തിരിച്ചുനല്‍കി ആരോപണങ്ങള്‍ അവസാനിപ്പിക്കാനും സുമ ശ്രമം നടത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് സുമയുടെ ഇംപീച്മെന്‍റിന് സമ്മര്‍ദം ചെലുത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു. നിയമവിരുദ്ധമായി കൈക്കലാക്കിയ പണമുപയോഗിച്ച് സുമ തന്‍െറ വസതിയില്‍ സ്വിമ്മിങ്പൂളും ആംഫി തിയറ്ററും നിര്‍മിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ആരോപണങ്ങള്‍ സുമ നിഷേധിച്ചിരുന്നു. കോടതിയുത്തരവിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. കാന്‍ഡ്ലയിലെ സുമയുടെ വീടിന്‍െറ നവീകരണത്തിനുവേണ്ടി അനധികൃതമായി പൊതുഫണ്ട് ഉപയോഗിച്ചതായി 2014ല്‍ രാജ്യത്തെ ഓംബുഡ്സ്മാന്‍ തുലി മഡോന്‍സേല വിധിച്ചിരുന്നു.
2009ല്‍ അധികാരമേറ്റതുമുതല്‍ സുമക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.