ലിബിയയില്‍ ഐക്യസര്‍ക്കാര്‍ നിലവില്‍വന്നതായി യു.എന്‍

തൂനിസ്: ആഭ്യന്തര സംഘര്‍ഷംമൂലം പിളര്‍പ്പിലേക്ക് നീങ്ങുന്ന ലിബിയയിലെ സ്ഥിതിഗതികളില്‍ അയവുവരുത്തുന്നതിന് ഐക്യരാഷ്ട്രസഭാ പിന്തുണയോടെ രൂപവത്കരിച്ച പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പൊതുസമ്മതിയുള്ള ഐക്യസര്‍ക്കാറിന് രൂപംനല്‍കി. 32 അംഗ മന്ത്രിസഭയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുനീഷ്യന്‍ തലസ്ഥാനമായ തൂനിസില്‍ വെച്ചാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഐ.എസിനെ പ്രതിരോധിക്കാനും പുതിയ സര്‍ക്കാറിനാകുമെന്ന് യു.എന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2014ലാണ് തലസ്ഥാനമായ ട്രിപളി കേന്ദ്രീകരിച്ചും കിഴക്കന്‍ പട്ടണമായ തബ്റുഖ് കേന്ദ്രീകരിച്ചും രണ്ട് സര്‍ക്കാറുകള്‍ രൂപവത്കൃതമായത്. പുതിയ സര്‍ക്കാര്‍കൂടി വന്നതോടെ രാജ്യത്ത് ഭരണം നടത്താന്‍ മൂന്നു ഭരണകൂടങ്ങളായി. പ്രമുഖ വ്യവസായി ഫായിസ് അല്‍സര്‍റാജാണ് പ്രധാനമന്ത്രി.
യു.എന്‍ കാര്‍മികത്വത്തില്‍ നിലവില്‍വന്നതായിട്ടും പുതിയ സര്‍ക്കാറിനെ പാര്‍ലമെന്‍റംഗങ്ങളില്‍ പകുതിപേര്‍ പോലും അംഗീകരിച്ചിട്ടില്ല. ഈ സര്‍ക്കാറും രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതല്ളെന്ന വിമര്‍ശവും സജീവമാണ്.
ട്രിപളിയിലെ പാര്‍ലമെന്‍റായ ജനറല്‍ നാഷനല്‍ കോണ്‍ഗ്രസും തബ്റുഖിലെ പാര്‍ലമെന്‍റായ ഹൗസ് ഓഫ് റെപ്രസന്‍േററ്റിവ്സും കൗണ്‍സിലിന്‍െറ തീരുമാനം 10 ദിവസത്തിനകം അംഗീകരിച്ചാലേ സര്‍ക്കാര്‍ രൂപവത്കരണം യാഥാര്‍ഥ്യമാവൂ.
പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന് അയല്‍രാജ്യമായ തുനീഷ്യയുടെ പിന്തുണയുണ്ട്.
ദീര്‍ഘകാലമായി പരമാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ 2011ല്‍ പുറത്താക്കിയതോടെ തുടങ്ങിയ കടുത്ത രാഷ്ട്രീയ പ്രതിസന്ധി ലിബിയയെ ആഭ്യന്തര സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.