മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം; നൂറിലേറെ പേര്‍ മരിച്ചതായി സംശയം

റോം: ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങിയ രണ്ടു ബോട്ടുകള്‍ മെഡിറ്ററേനിയനില്‍ മുങ്ങി നൂറിലേറെ പേര്‍ മരിച്ചതായി സംശയം. വെള്ളിയാഴ്ചMumbai attacks വൈകുന്നേരം ലിബിയന്‍ തീരത്താണ് സംഭവമെന്ന് ഇറ്റാലിയന്‍ നാവിക സേന വിഭാഗവും യൂറോപ്യന്‍ യൂനിയന്‍െറ നേവി വിഭാഗവും അറിയിച്ചു. രണ്ടു ബോട്ടുകളിലുമായി ഏകദേശം 650 പേരുണ്ടായിരുന്നുവെന്നാണ് സൂചന. തീരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ബോട്ടുകള്‍ മുങ്ങിയത്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലിബിയന്‍ തീരത്ത് അഭയാര്‍ഥി ദുരന്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം, 30 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഈ ബോട്ടിലുണ്ടായിരുന്ന 500ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. അഭയാര്‍ഥികളുടെ യാത്രാറൂട്ടില്‍ മാറ്റം വന്നതിനുശേഷമാണ് അപകടം വര്‍ധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഗ്രീസ് ലക്ഷ്യമാക്കി നീങ്ങിയിരുന്ന അഭയാര്‍ഥി ബോട്ടുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇറ്റാലിയന്‍ തീരങ്ങളിലേക്കാണ് തിരിക്കുന്നത്. ഇറ്റലിയിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് 54 ശതമാനമാണ് ഈ കാലത്തിനുള്ളില്‍ വര്‍ധിച്ചത്.
 ഗ്രീസിലേക്കുള്ള വരവ് 67 ശതമാനം കുറയുകയും ചെയ്തു. കഴിഞ്ഞമാസം തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് ഈ മാറ്റമെന്നാണ് കരുതുന്നത്. അതിനിടെ, മെഡിറ്ററേനിയനിലെ അഭയാര്‍ഥി കടത്ത് നിയന്ത്രിക്കുന്നതിന് മേഖലയിലേക്ക് നേവിയുടെ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.