കൈറോ: രാജ്യത്തിന് അകത്തും പുറത്തുമായുള്ള ഏത് സൈനിക നീക്കത്തിനും തയാറെടുക്കാൻ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസിയുടെ നിർദേശം. അയൽരാജ്യമായ ലിബിയയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഒരുക്കം നടത്താൻ സൈനിക വിഭാഗങ്ങൾക്ക് സീസി നിർദേശം നൽകിയത്.
ലിബിയയുമായി 1200 കിലോമീറ്റർ പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന ഈജിപ്തിലെ വ്യോമതാവളത്തിൽ സന്ദർശനം നടത്തവെയാണ് അബ്ദുൽ ഫത്താഹ് സീസി ഇക്കാര്യം വ്യക്തമാക്കിയത്. പറന്നുയരുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും സീസി നിരീക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും ദേശീയ ടെലിവിഷൻ ശനിയാഴ്ച സംപ്രേക്ഷണം ചെയ്തിരുന്നു.
ലിബിയയിൽ യു.എൻ പിന്തുണയുള്ള ഭരണകൂടവും കിഴക്കൻ ലിബിയ ആസ്ഥാനമായുള്ള ഖലീഫ ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമിയുമായുള്ള (എൽ.എൻ.എ) ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിലാണ് സീസിയുെട പുതിയ തീരുമാനം.
ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമിയെ ഈജിപ്ത്, റഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ പിന്തുണക്കുന്നുണ്ട്. യു.എൻ പിന്തുണയുള്ള ഭരണകൂടത്തിനാണ് തുർക്കിയുടെ പിന്തുണ. തുർക്കിയുടെ പിന്തുണയിൽ 14 മാസത്തിന് ശേഷം ഹഫ്തറിന്റെ ലിബിയൻ നാഷനൽ ആർമിയിൽ നിന്ന് തലസ്ഥാനമായ ട്രിപോളി ലിബിയൻ ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.