ഖർത്തൂം: സുഡാനിൽ എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് 23 പേർ മരിച്ചു. ഇവരിൽ 18 പേർ ഇന്ത്യക്കാരാണെന്ന് ഖർത്തൂമിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. പൊട്ടിത്തെറിയിൽ 130ലേറെ പേർക്ക് പരിക്കുണ്ട്. പരിക്കേറ്റ ഏഴ് ഇന്ത്യക്കാരിൽ നാലുപേരുടെ നില ഗുരുതരമാണ്. തലസ്ഥാനമായ ഖർത്തൂമിലെ വ്യവസായ മേഖലയിലെ സീല സിറാമിക് ഫാക്ടറിയിൽ ചൊവ്വാഴ്ചയാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
34 ഇന്ത്യക്കാർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി എംബസി അറിയിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ രക്ത ദാനത്തിന് എത്താൻ സർക്കാർ പ്രദേശവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൻ ശബ്ദത്തോടെയായിരുന്നു സ്ഫോടനമെന്ന് പ്രദേശവാസികൾ പറയുന്നു.
ഫാക്ടറി പരിസരത്ത് നിർത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിട്ടതാണ് അപകടകാരണമെന്ന് സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.