മൊഗാദിശു: സോമാലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 276 ആയി. 300ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് വാർത്താവിതരണ മന്ത്രി അബ്ദുറഹ്മാൻ ഉസ്മാൻ പറഞ്ഞു. സ്ഫോടനം ദേശീയ ദുരന്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് തലസ്ഥാനമായ മൊഗാദിശുവിലെ തിരക്കേറിയ ഭാഗത്ത് ഹോട്ടലിന് സമീപം ട്രക് ബോംബ് സ്ഫോടനമുണ്ടായത്. വിദേശകാര്യ മന്ത്രാലയമടക്കം നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള മേഖലയിലുണ്ടായ സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, അൽഖാഇദ, െഎ.എസ് ബന്ധം ആരോപിക്കപ്പെടുന്ന അൽ ശബാബ് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സർക്കാർ കുറ്റപ്പെടുത്തി. അമേരിക്കൻ പിന്തുണയോടെ മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് സർക്കാർ അധികാരമേറ്റതിനെ തുടർന്ന് അൽ ശബാബ് ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്ഫോടനത്തെ തുടർന്ന് സർക്കാർ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് രക്തം നൽകാൻ മുന്നോട്ടുവരണമെന്ന് പ്രസിഡൻറ് ജനങ്ങളോട് ആഹ്വാനം ചെയ്തു. മൊഗാദിശുവിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അവർക്ക് ആവശ്യമായ ചികിത്സ നൽകാൻ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മദീന ആശുപത്രിയിലെ ഡോക്ടർ മുഹമ്മദ് യുസുഫ് പറഞ്ഞു. അതിനിടെ, ആക്രമണത്തിൽ പ്രതിഷേധിച്ച് നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചുകൂടി. ചുവന്ന റിബണുകൾ തലയിലണിഞ്ഞ് എത്തിയ ജനങ്ങൾ ഭീകര സംഘടനകൾക്കെതിരെയും സർക്കാറിനെതിരെയും മുദ്രാവാക്യം മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.