കാൻബെറ: ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തിൽ ഖലിസ്ഥാൻ വിഘടനവാദികൾ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിരോധമന്ത്രി എസ്. ജയ്ശങ്കർ. തീവ്രവാദികൾക്ക് കാനഡ രാഷ്ട്രീയ ഇടം നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ മേൽ നിരീക്ഷണമേർപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബെറയിൽ വിദേശകാര്യ മന്ത്രി പെന്നി വ്രോങ്ങുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ജയ്ശങ്കർ കാനഡക്കെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്.
ഖലിസ്ഥാൻ വിഘടനവാദികൾക്ക് പിന്തുണ നൽകുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെതുടർന്ന് കാനഡുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജയ്ശങ്കറിന്റെ പ്രസ്താവന.
ഞായറാഴ്ചയാണ് ഖലിസ്ഥാൻ വിഘടനവാദികളായ പ്രതിഷേധക്കാർ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്. അതേസമയം, പ്രതിഷേധത്തിൽ പങ്കെടുത്ത പൊലീസ് ഓഫിസറെ കാനഡ സസ്പെൻഡ് ചെയ്തു. പീൽ മേഖല പൊലീസ് ഓഫിസർ പ്രതിഷേധറാലിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽനിന്നാണ് വ്യക്തമായത്. ഇയാൾ ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുകയാണെന്നും മാധ്യമവിഭാഗം ഉദ്യോഗസ്ഥൻ റിച്ചാർഡ് ചിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.