അപൂർവമായ വസ്തുക്കൾ വൻ വിലക്ക് ലേലത്തിൽ പോയ വാർത്തകൾ കേൾക്കാറുണ്ട്. പലതും നിസ്സാരമായ വസ്തുക്കളാകാമെങ്കിലും അവയുടെ അപൂർവതയാണ് ലേലത്തിൽ ലക്ഷങ്ങളും കോടികളും വാരിയെറിഞ്ഞ് സ്വന്തമാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. അത്തരത്തിൽ അപൂർവമായൊരു ലേലം പാരീസിൽ നടക്കാൻ പോവുകയാണ്. ഒരു അസ്ഥികൂടമാണ് ലേലത്തിനൊരുങ്ങുന്നത്. വെറുമൊരു അസ്ഥികൂടമല്ല, ഒരുകാലത്ത് ഭൂമി അടക്കിവാണ ദിനോസറുകളുടെ അവശേഷിപ്പുകളിൽ ഏറ്റവും പൂർണമായത് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂറ്റൻ ദിനോസർ അസ്ഥികൂടമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഫ്രാൻസിലെ പ്രമുഖ ലേല സ്ഥാപനങ്ങളായ കോളിൻ ഡ ബുക്കാഷും ബാർബറോസയുമാണ് ആണ് ഇത് ലേലത്തിന് വെച്ചിരിക്കുന്നത്. നവംബർ 16നാണ് ലേലം നടക്കുക.
ഇതുവരെ ലഭിച്ചതിൽ വെച്ച് പൂർണതയുള്ളതിൽ ഏറ്റവും വലിയ ദിനോസർ അസ്ഥികൂടമാണിത്. 'വൾക്കൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ അസ്ഥികൂടത്തിന്‍റെ വില ഇപ്പോൾ തന്നെ 1.1 കോടി യു.എസ് ഡോളറിനും 2.2 കോടി യു.എസ് ഡോളറിനുമിടക്കാണ്. ഏകദേശം 92 കോടി രൂപക്കും 185 കോടി രൂപക്കും ഇടയിൽ. ജൂലൈ മുതൽ ലേലത്തിന്‍റെ പ്രീ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ലേലത്തിനിടയിൽ വില ഇനിയും ഉയരും.
2018ൽ യു.എസിലെ വ്യോമിങ്ങിൽ നിന്നാണ് ഈ കൂറ്റൻ അസ്ഥികൂടം കണ്ടെത്തിയത്. അപാറ്റോസോറസ് ഇനത്തിൽപെട്ട ദിനോസറിന്‍റെ ശേഷിപ്പാണിത്. 20.5 മീറ്ററാണ് ആകെ നീളം. 80 ശതമാനത്തോളം അസ്ഥികളും കൃത്യമായി അവശേഷിക്കുന്നുവെന്നാണ് ഇതിന്‍റെ പ്രത്യേകത. അസ്ഥികൂടം ലേലത്തില്‍ ലഭിക്കുന്നയാള്‍ക്ക് അതിന്റെ പേര് മാറ്റാനുള്ള അവകാശവും ലഭിക്കും.
ദിനോസറുകളുടെ അസ്ഥികൂടങ്ങള്‍ മുമ്പും വന്‍ തുകക്ക് വിറ്റുപോയിട്ടുണ്ട്. ടി റെക്‌സ് ഇനത്തിൽപെട്ട സ്യൂ എന്ന ദിനോസർ അസ്ഥികൂടം 1997ല്‍ 8.4 ദശലക്ഷം യുഎസ് ഡോളറിനാണ് ലേലം ചെയ്തത്. ഈ വര്‍ഷം ആദ്യം സ്റ്റെഗോസോറസ് വിഭാഗത്തിൽപെട്ട അപെക്‌സ് എന്ന് പേരിട്ട ദിനോസർ അസ്ഥികൂടം 44 ദശലക്ഷം യു.എസ് ഡോളറിനും വിറ്റുപോയിരുന്നു. വൾക്കൈൻ ഈ റെക്കോഡുകൾ തകർക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.