ഖാർത്തൂം: സുഡാനിലെ റഷ്യൻ അംബാസഡർ മിർഗയാസ് ഷിരിൻസ്കിയെ മരിച്ചനിലയിൽ കണ്ടെത്തി. മരണവിവരം സുഡാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. 2013ലാണ് അദ്ദേഹം സുഡാനിലെത്തിയത്. നേരത്തേ യമൻ, സൗദി, റുവാണ്ട രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ താമസസ്ഥലത്തെ സിമ്മിങ്പൂളിലാണ് മൃതദേഹം കണ്ടെത്തിയത്. യു.എസ് തെരഞ്ഞെടുപ്പിനു ശേഷം മരണപ്പെടുന്ന ആറാമത്തെ റഷ്യൻ നയതന്ത്രപ്രതിനിധിയാണ് ഇദ്ദേഹം.
തെരഞ്ഞെടുപ്പ് നടന്ന ദിവസം റഷ്യൻ നയതന്ത്രപ്രതിനിധിയായിരുന്ന സെർജി ക്രിവോവിനെ ന്യൂയോർകിലെ റഷ്യൻ കോൺസുലേറ്റിനു സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. തലക്ക് മാരകമായ മുറിവേറ്റ നിലയിലായിരുന്നു ഇദ്ദേഹം. പിന്നീട് ആശുപത്രിയിൽവെച്ച് മരിച്ചു. ഡിസംബറിൽ തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കാർലോവ് വെടിയേറ്റു മരിച്ചു. ജനുവരിയിൽ ഏതൻസിലെ റഷ്യൻ നയതന്ത്രപ്രതിനിധി ആന്ദ്രേ മലാനിനെ അപാർട്മെൻറിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. രണ്ടാഴ്ചക്കു ശേഷം നയതന്ത്രപ്രതിനിധി അലക്സാണ്ടർ കദാകിനും ഫെബ്രുവരിയിൽ യു.എന്നിലെ റഷ്യൻ അംബാസഡർ വിറ്റലി ചർകിനും അന്തരിച്ചു. മരണത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.