മൊഗാദിശു: 40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയിൽ കടുത്ത ദുരിതം അനുഭവിക്കുകയാണ് സോമാലിയ, ഇത്യോപ്യ, കെനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങൾ. ജിബൂതി, എറിത്രീയ തുടങ്ങിയ രാജ്യങ്ങളും ദുരിതം അനുഭവിക്കുന്നു. 18 ലക്ഷത്തിലേറെ കുട്ടികൾ പോഷകാഹാരക്കുറവും രോഗങ്ങളും കാരണം പ്രയാസത്തിലാണ്.
ലോകത്തിന്റെ കരുതലും കാരുണ്യവും ലഭിച്ചില്ലെങ്കിൽ പട്ടിണിമരണം വ്യാപകമാകുമെന്ന മുന്നറിയിപ്പ് യു.എൻ ഏജൻസികൾ ഉൾപ്പെടെ നൽകുന്നു. രണ്ടുവർഷമായി ഈ രാജ്യങ്ങൾ വരൾച്ച അനുഭവിക്കുന്നു.
അഞ്ചാമത് സീസണിലും മഴ മാറിപ്പോയാൽ സ്ഥിതി ദയനീയമാകുമെന്ന് ലോക കാലാവസ്ഥ സംഘടന ആഗസ്റ്റിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ആറുമാസത്തേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 473 ദശലക്ഷം ഡോളർ ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പരിപാടി വ്യക്തമാക്കി.
പത്തുലക്ഷത്തോളം പേർ അന്നവും വെള്ളവുംതേടി പിറന്ന നാടുവിടാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ജൂണിൽ ലോകബാങ്ക് ഈ രാജ്യങ്ങൾക്ക് പിന്തുണ നൽകാൻ 327.5 ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. ആകെ 66.4 ദശലക്ഷംപേർ ദുരിതം അനുഭവിക്കുന്നു. ഇത്യോപ്യയിൽ 20.4 ദശലക്ഷം പേർക്ക് സഹായം ആവശ്യമുണ്ട്. സോമാലിയയിൽ ജനസംഖ്യയുടെ പകുതിയോളം പേർ (15 ദശലക്ഷം) ഭക്ഷ്യക്ഷാമം നേരിടുന്നു. കെനിയയിൽ പത്തുലക്ഷം ആളുകളാണ് പട്ടിണിമുഖത്തുള്ളത്. സ്ഥിതി ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് കാർല ഡ്രൈഡേൽ പറഞ്ഞു. ദുരന്തമുഖത്താണ് ആഫ്രിക്കൻ രാജ്യങ്ങളെന്നും അടിയന്തര സഹായം എത്തിക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സേവന ഓഫിസ് മേധാവി മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു.
പൊതുവിൽ ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളാണ് രണ്ടുവർഷമായി മഴ അന്യംനിന്നതോടെ ദുരിതാവസ്ഥയിലായത്.
കിയവ്: സോമാലിയയിലേക്ക് സമീപ ആഴ്ചകളിൽ ധാന്യം അയക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. ലോകത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന ഭാഗങ്ങളിലേക്ക് അയക്കുന്നതിനുപകരം യുക്രെയ്നിൽനിന്നുള്ള ധാന്യം യൂറോപ്പിലേക്കാണ് അയക്കുന്നതെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ആരോപിച്ചതിന് പിറകെയാണ് സെലൻസ്കി ഇക്കാര്യം അറിയിച്ചത്. 26,800 ടൺ ധാന്യം ഉടൻ അയക്കുമെന്നാണ് യുക്രെയ്ൻ അറിയിച്ചത്. ഭക്ഷ്യക്ഷാമം മൂലം പ്രയാസം അനുഭവപ്പെടുന്ന സോമാലിയക്ക് ഏറെ ആശ്വാസമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.