ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന നരനായാട്ട് ലോകത്തിന് മുന്നിലെത്തിക്കുന്ന അൽ ജസീറ കാമറാമാൻ ഫാദി അൽ വാഹിദി ഗുരുതരാവസ്ഥയിൽ. അധിനിവേശ സേനയുടെ വെടിയേറ്റ് ബോധം നഷ്ടമായ ഫാദി ‘കോമ’ അവസ്ഥയിലാണ് കഴിയുന്നത്. വിദഗ്ധ ചികിത്സക്ക് ഗസ്സയിൽനിന്ന് പുറത്ത് എത്തിക്കേണ്ടതുണ്ടെങ്കിലും ഇതിനുള്ള എല്ലാ നീക്കങ്ങളും ഇസ്രായേൽ ഭരണകൂടം തടഞ്ഞു.
പരിക്കേറ്റ ഫാദി അൽ വാഹിദിക്കും സഹപ്രവർത്തകനും അൽ ജസീറ ഫോട്ടോഗ്രാഫറുമായ അലി അൽ-അത്തറിനും വിദേശരാജ്യത്ത് ചികിത്സ ലഭ്യമാക്കാൻ അനുവദിക്കണമെന്ന് മാധ്യമ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന മൂന്ന് സംഘടനകൾ നിരന്തരം അഭ്യർഥിച്ചിരുന്നു. എന്നാൽ, ഗസ്സയിൽനിന്ന് പുറത്തുവിടാൻ ഇസ്രായേൽ അധികൃതർ വിസമ്മതിച്ചു. തങ്ങളുടെ അഭ്യർത്ഥന സംബന്ധിച്ച് ഇസ്രായേലി ഉദ്യോഗസ്ഥരിൽ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ സി.പി.ജെ (കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്) റിപ്പോർട്ട് ചെയ്തു.
അൽ-വാഹിദി ഇതിനകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായെങ്കിലും പക്ഷാഘാതത്തിൽനിന്ന് രക്ഷിക്കാൻ കളിഞ്ഞില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. അതിനിടെ, തങ്ങളുടെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ സൈനികർ ഇടക്കിടെ ലക്ഷ്യമിടുന്നതിനെ അൽ ജസീറ ശക്തമായി അപലപിച്ചു. ഗസ്സ മുനമ്പിലെ മാധ്യമ പ്രവർത്തകരുടെയും സാധാരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉടൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ചാനൽ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.