വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയിലുള്ള അൽ ജസീറ ചാനൽ ഓഫിസിൽ ഇസ്രായേൽ സേനയുടെ റെയ്ഡ്. 45 ദിവസത്തേക്ക് ഓഫിസ് പൂട്ടാനും ഉത്തരവ് നൽകി. മാസ്ക് ധരിച്ച് ആയുധങ്ങളുമായെത്തിയ സൈനികർ ഓഫിസ് പൂട്ടാനും കാമറകളുമെടുത്ത് ജീവനക്കാർ ഉടൻ ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഓഫിസ് റെയ്ഡ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തു.
ഇസ്രായേൽ സേനയുടെ വെടിയേറ്റുമരിച്ച ഫലസ്തീൻ-അമേരിക്കൻ മാധ്യമ പ്രവർത്തക ഷിറിൻ അബു അഖ് ലെയുടെ ചിത്രമുള്ള ബാനർ നശിപ്പിക്കുകയും ചെയ്തു. ഓഫിസിലെ ഉപകരണങ്ങളും രേഖകളും സൈന്യം പിടിച്ചെടുത്തതായി വെസ്റ്റ് ബാങ്ക് ബ്യൂറോ ചീഫ് വാലിദ് അൽ ഒമരി പറഞ്ഞു. കിഴക്കൻ ജറൂസലമിലെ ചാനൽ ഓഫിസ് കഴിഞ്ഞ മേയിൽ ഇസ്രായേൽ സേന റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. എങ്കിലും വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിലും ചാനൽ പ്രവർത്തനം തുടർന്നിരുന്നു.
1993ലെ ഓസ്ലോ ഉടമ്പടി പ്രകാരം ഫലസ്തീന്റെ രാഷ്ട്രീയ-സുരക്ഷ നിയന്ത്രണത്തിലുള്ള റാമല്ലയിലെ ഓഫിസാണ് ഇസ്രായേൽ പൂട്ടിച്ചത്. നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും ഗസ്സ മുനമ്പിൽനിന്ന് 24 മണിക്കൂറും അൽ ജസീറ ചാനൽ വാർത്തകൾ നൽകിയിരുന്നു. ഗസ്സയിലെ ഓഫിസും സൈന്യം പൂട്ടിക്കുമോയെന്ന കാര്യം വ്യക്തമല്ല.
സംഭവത്തെ ഫലസ്തീൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ അപലപിച്ചു. സൈന്യത്തിന്റെ ഏകപക്ഷീയ നടപടി പത്രപ്രവർത്തനത്തിനും മാധ്യമ സ്ഥാപനങ്ങൾക്കും നേരെയുള്ള പുതിയ കടന്നാക്രമണമാണെന്ന് അവർ വിമർശിച്ചു. ന്യൂയോർക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് എന്ന സംഘടന ഇസ്രായേൽ റെയ്ഡിൽ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകുകയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.