ന്യൂഡൽഹി: പാകിസ്താനിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം അന്ത്യദിനത്തിന്റെ അടയാളമെന്ന് തീവ്രവാദ സംഘടനയായ അൽ ഖാഇദ. അൽ ഖാഇദയുടെ ഉറുദു മാസികയായ ഗസ്‌വ എ ഹിന്ദിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പ്രസ്താവനയെന്ന് 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു. നിയമം നിർമിച്ച നാല് വനിത നിയമസഭാംഗങ്ങളും പൈശാചിക അജണ്ടയിൽ പ്രവർത്തിക്കുന്നവരാണെന്നും അൽ ഖാഇദ മാസിക ലേഖനത്തിൽ പറയുന്നു.
പാകിസ്താൻ നേതൃത്വത്തിലുള്ള ഇസ്ലാം വഞ്ചനയാണ് ട്രാൻസ്‍ജെൻഡർ അവകാശ സംരക്ഷണ നിയമം എന്നാണ് അൽ-ഖാഇദയുടെ വാദം. അള്ളാഹുവിന്റെ യഥാർഥ ഗ്രന്ഥത്തിൽ സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ച് പറയുന്നുണ്ടെന്നും സോദമിലെ ശപിക്കപ്പെട്ട ജനങ്ങളാണ് അത് ആദ്യം ചെയ്തതെന്നും ലേഖനത്തിൽ പറയുന്നു. വ്യഭിചാരം വർധിക്കുന്നത് അന്ത്യദിനത്തിന്റെ സൂചനയാണെന്നും ലേഖനം വാദിക്കുന്നുണ്ട്.
ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിയമപരമായി അംഗീകരിക്കുന്നതിനും അവർക്ക് മൗലികാവകാശങ്ങൾ നൽകുന്നതിനുമായി 2018-ൽ പാകിസ്താൻ ദേശീയ അസംബ്ലി ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം നടപ്പാക്കിയിരുന്നു. ഇത് സ്വവർഗരതിയെയും സ്വവർഗ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും ഇസ്ലാമിക പഠനങ്ങൾക്കെതിരാണ് എന്നും നിയമത്തെ വിമർശിക്കുന്നവർ പറയുന്നു.
ഭരണകക്ഷിയായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ സഖ്യകക്ഷിയായ ജംഇയത്ത് ഉലമ എ ഇസ്‌ലാം (ഫസൽ) ഉൾപ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രീയ പാർട്ടികൾ അടുത്തിടെ നിയമനിർമാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇവർ ഫെഡറൽ ശരീഅത്ത് കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.