വാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള പ്രിയം വർഷംതോറും കുറഞ്ഞുവരികയാണെന്ന് സർവേ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നാണ് 40 ശതമാനം അമേരിക്കക്കാരും പ്രതികരിച്ചത്. പ്രമുഖ സർവേ സ്ഥാപനമായ പ്യൂ റിസർച് സെന്‍റർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
51 ശതമാനം അമേരിക്കക്കാർക്ക് ഇന്ത്യയോട് പ്രിയമുണ്ടെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. 44 ശതമാനത്തിനാണ് ഇന്ത്യയോട് അപ്രിയമായ കാഴ്ചപ്പാടുള്ളത്. അതേസമയം, ഇന്ത്യയോട് അമേരിക്കക്കാർക്കുള്ള പ്രിയം വർഷംതോറും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. 2008ൽ 68 ശതമാനം അമേരിക്കക്കാർക്കും ഇന്ത്യയോട് പ്രിയമുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ 51 ശതമാനത്തിലേക്ക് താഴ്ന്നത്.
2008ൽ വെറും 14 ശതമാനം അമേരിക്കക്കാർക്ക് മാത്രമായിരുന്നു ഇന്ത്യയോട് അപ്രിയമുണ്ടായിരുന്നത്. എന്നാൽ, ഇത് 2023 ആയപ്പോഴേക്കും 44 ശതമാനമായാണ് ഉയർന്നത്. അതേസമയം, ചൈനയേക്കാൾ അമേരിക്കക്കാർക്കിടയിൽ സ്വീകാര്യതയുള്ളത് ഇന്ത്യക്കാണ്. 83 ശതമാനം അമേരിക്കക്കാർക്കും ചൈനയോട് അപ്രിയമാണെന്ന് സർവേ പറയുന്നു.
അന്താരാഷ്ട്ര കാര്യങ്ങളിൽ ഇടപെടുന്നതിൽ ഓരോ ലോക നേതാക്കളിലും എത്രത്തോളം ആത്മവിശ്വാസം നിങ്ങൾക്കുണ്ടെന്ന് രേഖപ്പെടുത്താൻ പ്യൂ സർവേയിൽ ചോദ്യമുണ്ടായിരുന്നു. ഓരോ ലോകനേതാക്കളെ കുറിച്ചും വളരെയേറെ ആത്മവിശ്വാസം, വിശ്വാസമുണ്ട്, കുറച്ച് വിശ്വാസം മാത്രം, തീരെ ആത്മവിശ്വാസമില്ല എന്നിങ്ങനെ അഭിപ്രായം രേഖപ്പെടുത്താം. ഇതിൽ നരേന്ദ്ര മോദിയെ കുറിച്ചും അഭിപ്രായം രേഖപ്പെടുത്താൻ സർവേയിൽ പങ്കെടുത്തവരോട് നിർദേശിച്ചു. ഇതിൽ 40 ശതമാനം പേരും പറഞ്ഞത് നരേന്ദ്ര മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നാണ്. മോദിയെ കുറിച്ച് കേട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയവരിലാകട്ടെ, ഭൂരിപക്ഷത്തിനും മോദിയിൽ വിശ്വാസവുമില്ല.
മോദിയിൽ വളരെയേറെ ആത്മവിശ്വാസമുണ്ടെന്ന് 2018ൽ അഭിപ്രായപ്പെട്ടത് 5.6 ശതമാനം അമേരിക്കക്കാരായിരുന്നു. 2019ൽ ഇത് ആറ് ശതമാനമായി ഉയർന്നു. എന്നാൽ, 2023ൽ ഇത് വെറും 1.7 ശതമാനം മാത്രമായി താഴ്ന്നു.
മോദിയിൽ കുറഞ്ഞ ആത്മവിശ്വാസം മാത്രമേയുള്ളൂവെന്ന് 2019ൽ അഭിപ്രായപ്പെട്ടത് 56.7 ശതമാനം പേരായിരുന്നു. ഇത്തവണ അത് 34.4 ശതമാനമായി കുറഞ്ഞു. അധികം ആത്മവിശ്വാസമില്ലെന്ന് പറഞ്ഞവരുടെ ശതമാനം 22.4ൽ നിന്ന് 43.1ലേക്ക് ഉയർന്നു. മോദിയിൽ തീരെ ആത്മവിശ്വാസമില്ലെന്ന് ഇത്തവണ രേഖപ്പെടുത്തിയത് 20.7 ശതമാനമാണ്. 2019ൽ ഇത് 17.9 ശതമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.