പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: വെനിസ്വേലയില്‍ സോഷ്യലിസ്റ്റുകള്‍ക്ക് തിരിച്ചടി


167 സീറ്റില്‍ 99 എണ്ണം ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ട് ടേബ്ള്‍നേടി
കറാക്കസ്: വെനിസ്വേല പാര്‍ലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് (പി.എസ്.യു.വി) തിരിച്ചടി. സാമ്പത്തിക തകര്‍ച്ചക്കെതിരെ രാജ്യത്ത് മാസങ്ങളായി തുടരുന്ന പ്രക്ഷോഭങ്ങള്‍ ശക്തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ ഏകദേശം മൂന്നില്‍രണ്ട് സീറ്റുകളും ഡെമോക്രാറ്റിക് യൂനിറ്റി റൗണ്ട് ടേബ്ള്‍ (എം.യു.ഡി) നേടി. 1999ല്‍, ഊഗോ ചാവെസ് രാജ്യത്തിന്‍െറ അധികാരം നേടിയതിനുശേഷം സോഷ്യലിസ്റ്റുകള്‍ക്കുണ്ടാകുന്ന ഏറ്റവുംവലിയ തെരഞ്ഞെടുപ്പ് തിരിച്ചടിയാണിത്. തെരഞ്ഞെടുപ്പുഫലം വെനിസ്വേലയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാര്‍ലമെന്‍റിലെ 167 സീറ്റില്‍ 99 എണ്ണമാണ് എം.യു.ഡി നേടിയത്. 46 എണ്ണം സോഷ്യലിസ്റ്റുകള്‍ക്ക് ലഭിച്ചപ്പോള്‍, 22 എണ്ണത്തിന്‍െറ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ 14 എണ്ണംകൂടി എം.യു.ഡിയുടെ അക്കൗണ്ടിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ‘വെനിസ്വേല മാറ്റം ആവശ്യപ്പെടുന്നു. ആ മാറ്റത്തിന്‍െറ തുടക്കമാണിത്’ -എം.യു.ഡി നേതാവ് ജീസസ് ടോറി ആല്‍ബ ഫലപ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പുഫലം അംഗീകരിക്കുന്നുവെന്ന് ചാവേസിന്‍െറ പിന്‍ഗാമിയും വെനിസ്വേലന്‍ പ്രസിഡന്‍റുമായ നികളസ് മദൂറോ പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പുഫലം ‘ബൊളീവിയന്‍ വിപ്ളവ’ത്തിന്‍െറ അവസാനമല്ളെന്നും താല്‍ക്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ ചരിത്രത്തില്‍ അരങ്ങേറിയിട്ടുള്ള പട്ടാളവിപ്ളവങ്ങളെ ഓര്‍മിപ്പിച്ച മദൂറോ സമീപകാലത്ത് വെനിസ്വേല നേരിടുന്ന സാമ്പത്തിക ഉപരോധത്തിന്‍െറയും അതിന്‍െറഫലമായി രാജ്യത്ത് ഉടലെടുത്ത പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചതായി സൂചിപ്പിച്ചു. പ്രക്ഷോഭങ്ങളെ സര്‍ക്കാറിനെതിരെയുള്ള ‘സാമ്പത്തികയുദ്ധം’ എന്നാണ് മദൂറോ വിശേഷിപ്പിച്ചത്.
2013ല്‍, ചാവേസ് അന്തരിച്ചതിനുശേഷം അധികാരമേറ്റെടുത്ത മദൂറോയുടെ ജനസമ്മിതി അളക്കുന്ന തെരഞ്ഞെടുപ്പായിട്ടാണ് പാര്‍ലമെന്‍റ് ഇലക്ഷന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വന്‍ എണ്ണശേഖരമുള്ള രാഷ്ട്രമായിട്ടും വെനിസ്വേലയെ അലട്ടുന്ന സാമ്പത്തികമാന്ദ്യം കടുത്ത പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. ഭക്ഷ്യക്ഷാമവും പണപ്പെരുപ്പം മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയതും ആഭ്യന്തരസംഘര്‍ഷവുമെല്ലാം മദൂറോയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും ജനപ്രീതിയില്‍ ഇടിവുവരുത്തി. ഈ സാഹചര്യത്തില്‍, രാജ്യത്തെ മധ്യവര്‍ഗം വലതുപക്ഷകക്ഷികളെ പിന്തുണക്കുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വെനിസ്വേലയിലെ തെരഞ്ഞെടുപ്പുഫലം ലാറ്റിനമേരിക്കയിലെ ഇടതുപാര്‍ട്ടികള്‍ക്കും ക്ഷീണമായിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പ്, അര്‍ജന്‍റീനയിലും ഇടതിന് തെരഞ്ഞെടുപ്പുതോല്‍വി സംഭവിച്ചിരുന്നു. ബ്രസീലില്‍ പ്രസിഡന്‍റ് ദില്‍ റൂസഫിന്‍െറ വര്‍ക്കേഴ്സ് പാര്‍ട്ടിയും അവിടെ കനത്ത പ്രതിരോധത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.