യു.എസില്‍ മുസ്ലിം യാത്രക്കാരിയെ വിമാനത്താവളത്തില്‍നിന്ന് ഇറക്കിവിട്ടു

ന്യൂയോര്‍ക്: തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് ഉല്ലാസയാത്രക്ക് തിരിച്ച മുസ്ലിംയുവതിയെ അമേരിക്കന്‍ വിമാനത്താവളാധികൃതര്‍ യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ഇവരെ രണ്ടരമണിക്കൂര്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച ന്യൂ ജഴ്സിയിലെ ന്യൂആര്‍ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കമീല റഷീദ എന്ന 30കാരിക്കാണ് ദുരനുഭവം. പാരിസ് സ്ഫോടന സംഭവശേഷം അമേരിക്കയില്‍ ഇസ്ലാമോഫോബിയ കൂടുതല്‍ ശക്തിയാര്‍ജിച്ചതായും ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് കമീലക്കെതിരെ ഉണ്ടായതെന്നും  റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്റ്റാന്‍ഫോര്‍ഡ് വാഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിയ ചിത്രകാരിയും ദ ന്യൂ ഇന്‍ക്വയറിലെ കോളമിസ്റ്റുമാണ് കമീല. ശിരോവസ്ത്രമണിഞ്ഞത്തെിയ തന്നെ വിമാനത്തില്‍ കയറാനിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 200 യാത്രക്കാരില്‍ തനിക്കെതിരെ മാത്രമാണ് അപമാനകരമായ നടപടിയുണ്ടായതെന്നും സുരക്ഷയുടെ പേരില്‍ പൗരാവകാശങ്ങള്‍ ഹനിക്കുന്നതില്‍ കടുത്ത പ്രതിഷേധമുള്ളതായും അവര്‍ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരേചോദ്യങ്ങള്‍ ആവര്‍ത്തിച്ചുന്നയിച്ച് പൊറുതിമുട്ടിക്കുകയായിരുന്നു കസ്റ്റംസ് അധികൃതര്‍. യാത്രയുടെ ഉദ്ദേശ്യം എന്ത്, ടിക്കറ്റിന് ആര് പണംനല്‍കി, സിറിയന്‍ അതിര്‍ത്തിയിലേക്കാണോ യാത്ര തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. വിമാനയാത്രപോലും എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുംവിധം ഹീനമായ രീതിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കഴിഞ്ഞയാഴ്ച രണ്ടു സംഭവങ്ങളിലായി എട്ടു മുസ്ലിംയാത്രികരെ യു.എസ് കസ്റ്റംസ് ഇതേരീതിയില്‍ ചോദ്യം ചെയ്ത് വിമാനയാത്ര മുടക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.