ഐ.എസ് ആണവായുധം കൈവശപ്പെടുത്തുന്നത് തടയണം -ഒബാമ

വാഷിങ്ടണ്‍: ഐ.എസ് അടക്കമുള്ള ഭീകരവാദി സംഘങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയാന്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. വാഷിങ്ടണില്‍ സമാപിച്ച ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസിലും ബ്രസല്‍സിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി.

‘ഐ.എസ് മസ്റ്റാര്‍ഡ് വാതകം അടക്കമുള്ള രാസായുധങ്ങള്‍ സിറിയയിലും ഇറാഖിലും പ്രയോഗിച്ചിട്ടുണ്ട്. ഈ ഭ്രാന്തന്മാരുടെ കൈയില്‍ ആണവായുധം ലഭിച്ചാല്‍ നിരപരാധികളുടെ കൊലയിലാകും അത് കലാശിക്കുക’ -ഒബാമ പറഞ്ഞു. 2000 ടണ്‍ ആണവവസ്തുക്കള്‍ ലോകത്തെ വിവിധ സിവിലിയന്‍, സൈനിക കേന്ദ്രങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. ഇവയില്‍ പലതും സുരക്ഷിതമായല്ല സൂക്ഷിക്കുന്നത്. ഒരു ആപ്പിളിന്‍െറ വലുപ്പമുള്ള പ്ളൂട്ടോണിയത്തിന് നൂറുകണക്കിനു പേരെ കൊല്ലാന്‍ കഴിയും -ഒബാമ മുന്നറിയിപ്പ് നല്‍കി.ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ഉച്ചകോടി ചര്‍ച്ചചെയ്തു. ഉത്തര കൊറിയന്‍ ഭീഷണിയെ ചെറുക്കാന്‍ യോജിച്ച നീക്കമുണ്ടാകണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയുമായും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റുമായുമുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.