റഷ്യയിലേക്ക് ആദ്യ യു.എസ് മിസൈൽ തൊടുത്ത് യുക്രെയ്ൻ; ആണവായുധ നയത്തിൽ മാറ്റം വരുത്തി പുടിൻ

മോസ്കോ: യുദ്ധം തുടങ്ങി 1000 ദിവസം പൂർത്തിയായതിന് പിന്നാലെ റഷ്യക്കെതിരെ ആദ്യമായി യു.എസിന്റെ ദീർഘദൂര മിസൈൽ വിക്ഷേപിച്ച് യുക്രെയ്ൻ.

ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റംസ് ചൊവ്വാഴ്ച പുലർച്ചെ വിക്ഷേപിച്ച കാര്യം മുതിർന്ന യു.എസ്, യുക്രെയ്ൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ബ്രിയാൻസ്ക് മേഖലയിലെ സൈനിക കേന്ദ്രത്തിൽ മിസൈൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഞ്ച് യു.എസ് നിർമിത മിസൈലുകൾ വെടിവെച്ചിടുകയും ഇവയുടെ മാലിന്യം വീണ് സൈനിക കേന്ദ്രത്തിന് തീപിടിക്കുകയും ചെയ്തു. എന്നാൽ, ആളപായമില്ലെന്നും അവർ വ്യക്തമാക്കി.

റഷ്യയുടെയും ഉത്തര കൊറിയയുടെയും സ്ഫോടക വസ്തുക്കൾ സംഭരിച്ച കേന്ദ്രത്തിലാണ് മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ ദേശീയ സുരക്ഷ, പ്രതിരോധ കൗൺസിൽ അംഗം ആൻഡ്രി കൊവലെൻകോ പറഞ്ഞു. ബ്രിയാൻസ്ക് മേഖലയിൽ മിസൈൽ ആക്രമണം യുദ്ധം രൂക്ഷമാക്കാൻ യു.എസ് ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ലെവറോവ് ആരോപിച്ചു.

രണ്ടുദിവസം മുമ്പാണ് ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് അനുമതി നൽകിയത്. അതേസമയം, യു.എസ് ആയുധങ്ങൾ ഉപയോഗിച്ചുള്ള യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കാനുള്ള നയങ്ങളിൽ മാറ്റം വരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യക്കെതിരെ ശക്തമായ വ്യോമാക്രമണങ്ങളുണ്ടായാൽ ആണവായുധം പ്രയോഗിക്കുമെന്ന പുതുക്കിയ ആണവായുധ നയത്തിലാണ് പുടിൻ ഒപ്പുവെച്ചത്.

Tags:    
News Summary - Ukraine Hits Russia With Long-Range American Missile After Biden's Approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.