ട്രംപിന് വിദേശനയത്തെ കുറിച്ച് ഒന്നുമറിയില്ല –ഒബാമ

വാഷിങ്ടണ്‍: യു.എസിലെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ളെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. യു.എസിലെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒന്നാണ്. ഇവിടെ വിവേകവും മാന്യതയും പുലരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആഗോള സംഭവവികാസങ്ങള്‍ അറിയുന്നയാളാണ് യുഎസ് പ്രസിഡന്‍റാവേണ്ടതെന്ന് അവര്‍ കരുതുന്നു. യു.എസിന്‍െറ മാത്രമല്ല, മറ്റു രാജ്യങ്ങളുടെയും സുരക്ഷയും അഭിവൃദ്ധിയും മുന്‍നിറുത്തി നയങ്ങള്‍ സ്വീകരിക്കേണ്ടയാളാണ് പ്രസിഡന്‍റ്. ആണവ നയത്തെ കുറിച്ചോ വിദേശനയത്തെ കുറിച്ചോ ട്രംപിന് ഒന്നുമറിയില്ല.

ജപ്പാനിലും ദക്ഷിണ കൊറിയയിലുമുള്ള യു.എസ് സൈനികരെ പിന്‍വലിക്കണമെന്ന് കഴിഞ്ഞയാഴ്ച ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് ഒബാമ ട്രംപിനെ പേര് പരാമര്‍ശിക്കാതെ വിമര്‍ശിച്ചത്. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനിക വിന്യാസം അമേരിക്കന്‍ നയങ്ങളുടെ മൂലക്കല്ലാണെന്നും യു.എസ് പ്രസിഡന്‍റ് പറഞ്ഞു.

അമ്പതോളം രാജ്യങ്ങള്‍ പങ്കെടുത്ത ആണവ ഉച്ചകോടി വെള്ളിയാഴ്ചയാണ് സമാപിച്ചത്. ആണവസുരക്ഷ മെച്ചപ്പെടുത്താനുള്ള ആഗോള ശ്രമങ്ങള്‍ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.