ട്രംപ് ഹിറ്റ്ലറെപോലെയെന്ന് മെക്സിക്കന്‍ മുന്‍ പ്രസിഡന്‍റുമാര്‍

മെക്സികോസിറ്റി: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറെപോലെ ഡൊണാള്‍ഡ് ട്രംപ് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് മുന്‍ പ്രസിഡന്‍റുമാരായ ഫെലിപ് ഗാല്‍ഡെറോനും വിന്‍സന്‍റ് ഫോക്സും ആരോപിച്ചു. ട്രംപിന്‍െറ വിദ്വേഷപ്രസംഗങ്ങള്‍ ഹിറ്റ്ലറെ ഓര്‍മിപ്പിക്കുന്നു. വെള്ളക്കാരുടെ ആധിപത്യം ഉദ്ഘോഷിച്ച് ട്രംപ് നടത്തുന്ന പ്രസംഗങ്ങള്‍ കുടിയേറ്റവിരുദ്ധത മാത്രമല്ല, വംശീയവിദ്വേഷമാണ്. തൊലിനിറത്തിന്‍െറയും വംശത്തിന്‍െറയും അടിസ്ഥാനത്തിലാണ് കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് വാചാടോപം തുടരുന്നത്. ഹിറ്റ്ലറെപോലെ, വംശീയപരമായി ആളുകളെ അധിക്ഷേപിച്ച് അവരുടെ വികാരങ്ങള്‍ ചൂഷണം ചെയ്യുകയാണ് ട്രംപ് എന്ന് ഗാല്‍ഡെറോന്‍ ആരോപിച്ചു. ട്രംപിന്‍െറത് അമേരിക്കന്‍ നയമല്ളെന്നും അദ്ദേഹം പറഞ്ഞു. മെക്സികോ ബലാത്സംഗക്കാരെയും മയക്കുമരുന്നു മാഫിയ തലവന്മാരെയും അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് തള്ളിവിടുകയാണെന്നും അവരെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.  

സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിന്‍സെന്‍റ് ഫോക്സ് ട്രംപിനെ ഹിറ്റ്ലറോടുപമിച്ചത്. അമേരിക്കയെ  മുമ്പത്തെ പോലെ കലാപത്തിലേക്ക് തള്ളിവിടാനാണ് ട്രംപിന്‍െറ ശ്രമം. ആ ചെയ്തികള്‍ ഹിറ്റ്ലറെ ഓര്‍മിപ്പിക്കുന്നു. രാജ്യത്തെയും കുടിയേറ്റക്കാരെയും അവഹേളിച്ചിരിക്കുകയാണ് ട്രംപ്.  ഫ്രാന്‍സിസ് മാര്‍പാപ്പയെ അധിക്ഷേപിക്കുന്നതിന് നാം സാക്ഷിയായി. ചൈന, ഇന്ത്യ തുടങ്ങി എല്ലാവരെയും അധിക്ഷേപിക്കുകയാണ് ട്രംപെന്നും ഫോക്സ് ആരോപിച്ചു. രണ്ടാം തവണയാണ് അദ്ദേഹം ട്രംപിനെതിരെ രംഗത്തുവരുന്നത്. വിറളിപിടിച്ച ട്രംപ് ഭ്രാന്തന്‍ ആശയങ്ങളിലൂടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണെന്ന് നേരത്തേ ടെലിവിഷന്‍ അഭിമുഖത്തിനിടെ ഫോക്സ് ആരോപിച്ചിരുന്നു. ട്രംപിന്‍െറ വംശീയ പരാമര്‍ശങ്ങളില്‍ മെക്സിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ വൈസ്പ്രസിഡന്‍റ് ജോ ബൈഡന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.