മയക്കുമരുന്നു തലവന്‍ ഗുസ്മാന്‍ പിടിയില്‍

മെക്സികോ സിറ്റി: ആറുമാസം മുമ്പ് ജയില്‍ചാടിയ മെക്സികോയിലെ മയക്കുമരുന്നു മാഫിയ തലവന്‍ ജാവോക്വിന്‍ ഗുസ്മാനെ പിടികൂടി.  എല്‍ചാപോ (കുള്ളന്‍) എന്ന പേരിലറിയപ്പെടുന്ന ഗുസ്മാന്‍െറ മയക്കുമരുന്നു സംഘവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിനൊടുവിലാണ് നാവികസേന ഇയാളെ പിടികൂടിയത്. സംഘത്തിലെ അഞ്ചുപേരെ സേന കൊലപ്പെടുത്തി. ഒരു നാവികനും കൊല്ലപ്പെട്ടു.
 വെള്ളിയാഴ്ച ലോസ് മോചിസ് നഗരത്തില്‍വെച്ചാണ് ഗുസ്മാനെ പിടികൂടിയത്.  പൊലീസ് റെയ്ഡിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാവികസേന വെടിവെക്കുകയായിരുന്നു.   
ജീവിതം സിനിമയാക്കുന്നതിന് ഗുസ്മാന്‍ നടന്മാരെയും നിര്‍മാതാവിനെയും ബന്ധപ്പെട്ടിരുന്നു. നിയമവാഴ്ചയുടെ വിജയമെന്നാണ് അറസ്റ്റിനെ പ്രസിഡന്‍റ് എന്‍റിക് പെന വിശേഷിപ്പിച്ചത്. അള്‍ക്കിപ്പിലാനോ ജയിലില്‍നിന്ന് കഴിഞ്ഞ ജൂലൈയിലാണ്  രക്ഷപ്പെട്ടത്. തടവറയിലെ കുളിമുറിയില്‍നിന്ന് തുരങ്കമുണ്ടാക്കിയായിരുന്നു ജയില്‍ചാട്ടം. മെക്സികോയില്‍നിന്ന് യു.എസിലേക്കു കടത്തുന്ന  മയക്കുമരുന്നിന്‍െറ 25 ശതമാനം ഗുസ്മാന്‍െറ സംഘത്തിന്‍െറതാണ്.  രാജ്യത്ത് ഏഴുവര്‍ഷത്തിനിടെ ലഹരി അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലില്‍ 80,000ലേറെ പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഗുസ്മാന്‍െറ സംഘത്തിന് നല്ളൊരു പങ്കുണ്ട്. ഒരു മയക്കുമരുന്ന് മാഫിയാ തലവന്‍ മാത്രമല്ല ഗുസ്മാന്‍. എതിരാളികളെ നിര്‍ദയം കൊന്നുതള്ളുകയായിരുന്നു പതിവുപരിപാടി. 1993ല്‍ ഗ്വാട്ടിമാലയില്‍നിന്നാണ് ഗുസ്മാന്‍ ആദ്യം പിടിയിലായത്. 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 2001ല്‍ ജയില്‍ ചാടി. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തായിരുന്നു തടവുചാട്ടത്തിന് സാഹചര്യമൊരുക്കിയത്.
പിന്നീട് സിനിലാവോ കാര്‍ട്ടല്‍ എന്ന അധോലോകസംഘം രൂപവത്കരിച്ചു. ഭക്ഷണപ്രിയനായ ഗുസ്മാന്‍ തടവുകാലത്ത് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പല റസ്റ്റാറന്‍റുകളിലുമത്തെി ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. രഹസ്യം പുറത്താവാതിരിക്കാന്‍ റസ്റ്റാറന്‍റ് ഉടമകള്‍ക്കും കനത്ത തുക നല്‍കി. ഇയാളുടെ സഞ്ചാരം തുരങ്കങ്ങളിലൂടെയായിരുന്നു. ഇങ്ങനെ മെക്സികോയിലെ അഴുക്കുചാലുകള്‍ ബന്ധിപ്പിച്ച് വന്‍ തുരങ്കശൃംഗലതന്നെ സിനിലാവോ കാര്‍ട്ടല്‍  ഉണ്ടാക്കിയിട്ടുണ്ട്. വായുസഞ്ചാരവും പ്രത്യേകലൈറ്റുകളും സംഘടിപ്പിച്ചതായിരുന്നു അവ. അമേരിക്കയെ എന്നും ഭയമായിരുന്നു ഗുസ്മാന്.
മെക്സികോ-യു.എസ് സംയുക്ത നീക്കത്തിലൂടെയാണ് 13 വര്‍ഷം നീണ്ട ഒളിവിനുശേഷം 2014 ഫെബ്രുവരിയില്‍ ഈ മാഫിയാരാജാവിനെ പിടികൂടിയത്. ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ജയിലില്‍ ആഡംബര ജീവിതമാണ്  നയിച്ചിരുന്നത്. അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയില്‍ മുന്‍നിരയിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ഈ കൊടുംകുറ്റവാളിയുടെ സ്ഥാനം. ഗുസ്മാന്‍െറ അറസ്റ്റില്‍ അമേരിക്ക മെക്സികോയെ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.