പാക്കിസ്താന്‍ സ്വന്തം മണ്ണില്‍ നിന്ന് തീവ്രവാദം തുടച്ചുനീക്കണം -ഒബാമ

വാഷിങ്ടണ്‍: ഭീകരവാദ സംഘടനകളെ സ്വന്തം മണ്ണില്‍ ഇല്ലാതാക്കാന്‍ പാകിസ്താന്‍ തയാറാവണമെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പത്താന്‍കോട്ട് ഭീകരാക്രമണം, ഇന്ത്യ വര്‍ഷങ്ങളായി സഹിച്ചുകൊണ്ടിരിക്കുന്ന പൊറുക്കാനാവാത്ത ഭീകരവാദത്തിന്‍െറ മറ്റൊരു ഉദാഹരണമാണെന്നും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ അഭിപ്രായപ്പെട്ടു. പാകിസ്താന് ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാനാകുമെന്നും അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ മേഖലക്കായി വിട്ടുവീഴ്ച പാടില്ല. ഭീകരവാദികളെ നിയമത്തിനു മുന്നിലത്തെിക്കണമെന്നും യു.എസ് പ്രസിഡന്‍റ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും അക്രമോത്സുകമായ തീവ്രവാദവും ഭീകരവാദവും ഇല്ലാതാക്കാന്‍ ചര്‍ച്ച മുന്നോട്ടുവെച്ചുകഴിഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തെ അലപിക്കുന്നുവെന്നും ജീവത്യാഗംചെയ്ത പട്ടാള ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നതായും ഒബാമ പറഞ്ഞു. ഇരകളുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. ഭീകരവാദം ചെറുക്കാന്‍ ഇന്ത്യയും യു.എസും ഉറ്റ സൗഹൃദം തുടരണമെന്നാണ് ഇത്തരം ദുരന്തങ്ങള്‍ തെളിയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം താന്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷം ഇരുരാജ്യങ്ങളുമായുള്ള സഹകരണത്തില്‍ പുതിയ യുഗം പിറന്നതായും ഒബാമ അഭിപ്രായപ്പെട്ടു. സംയുക്ത സൈനിക അഭ്യാസവും ഏഷ്യാ പസഫിക്കിലെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും സഹകരണവും കൂടുതല്‍ ശക്തമാക്കി ആഗോള സൗഹൃദം ശക്തിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.