ന്യൂയോര്‍ക്: അലപ്പോയില്‍ വ്യോമാക്രമണം ശക്തമായതിന്‍െറ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ അടിയന്തര സുരക്ഷാസമിതി യോഗത്തില്‍ റഷ്യക്ക് രൂക്ഷവിമര്‍ശം. സിറിയയില്‍ ബശ്ശാര്‍ അല്‍അസദ് സര്‍ക്കാറിനെ പിന്തുണച്ച് റഷ്യ നടത്തുന്ന വ്യോമാക്രമണം നീതീകരിക്കാനാവാത്തതാണെന്ന് ബ്രിട്ടന്‍, യു.എസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പറഞ്ഞു. സിറിയയില്‍ റഷ്യ അനുവര്‍ത്തിക്കുന്ന നയം അപരിഷ്കൃതമാണെന്നാണ് യു.എസ് അംബാസഡര്‍ സാമന്ത പവര്‍ അഭിപ്രായപ്പെട്ടത്്. സമാധാനത്തിന്‍െറ വഴി തേടുന്നതിനു പകരം യുദ്ധം തുടരാനാണ് അസദും റഷ്യയും താല്‍പര്യപ്പെടുന്നതെന്ന് സാമന്ത പവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിറിയയിലുണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ യു.കെ അംബാസഡര്‍ മാത്യു റൈക്രോഫ്റ്റ്, സന്നദ്ധപ്രവര്‍ത്തകരെയും നിരപരാധികളെയും കൊന്നൊടുക്കുന്ന ആക്രമണം ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങള്‍ പ്രകാരം യുദ്ധക്കുറ്റമാണെന്ന് ആരോപിച്ചു.
ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ അലപ്പോയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് പറഞ്ഞ ബ്രിട്ടീഷ് അംബാസഡര്‍, റഷ്യ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നത് നിഷേധിക്കാനാവില്ളെന്ന് പറഞ്ഞു. അലപ്പോയില്‍ ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്ന ആരോപണം ശരിവെച്ച റഷ്യ, എന്നാല്‍ ഇതിനുകാരണം യു.എസിന്‍െറ നയതന്ത്ര പരാജയമാണ് വ്യോമാക്രമണം അനിവാര്യമാക്കിയതെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ അലപ്പോയില്‍ വ്യോമാക്രമണം ശക്തമായതിനെ തുടര്‍ന്നാണ് സുരക്ഷാസമിതി അടിയന്തരമായി യോഗം ചേര്‍ന്നത്.
യോഗത്തില്‍ സിറിയന്‍ അംബാസഡര്‍ ബശ്ശാര്‍ ജാഫരിയുടെ പ്രസംഗം യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് പ്രതിനിധികള്‍ ബഹിഷ്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.