യു.എസില്‍ ഏഴുവയസ്സുകാരനുനേരെ സഹപാഠികളുടെ വംശീയാക്രമണം

വാഷിങ്ടണ്‍: യു.എസില്‍ പാക് വംശജനായ ഏഴുവയസ്സുകാരന് സ്കൂള്‍ബസില്‍ സഹപാഠികളുടെ മര്‍ദനം. സ്കൂളില്‍നിന്ന് വീട്ടിലേക്കു വരുന്നതിനിടെ ബസില്‍വെച്ച്  അബ്ദുല്‍ ഉസ്മാനി എന്ന കുട്ടിയെ തള്ളി താഴെയിടുകയും അഞ്ചു സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മുസ്ലിമാണെന്നും പാകിസ്താനിയാണെന്നും പറഞ്ഞായിരുന്നു വഴിയിലുടനീളം ക്രൂരമര്‍ദനം. വടക്കന്‍ കരോലൈനയിലെ എലമെന്‍ററി സ്കൂളില്‍ വിദ്യാര്‍ഥികളാണ് ഇവര്‍. സംഭവത്തോടെ ഈ പാക് കുടുംബം യു.എസ് വിട്ടിരിക്കയാണ്. ‘ഡൊണാള്‍ഡ് ട്രംപിന്‍െറ യുനൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയിലേക്ക് സ്വാഗതം’ എന്ന അടിക്കുറിപ്പോടെ  പിതാവ് സീഷാനുല്‍ ഹസന്‍ ഉസ്മാനി പരിക്കേറ്റ മകന്‍െറ ഫോട്ടോ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മകന്‍ ഗ്രേഡ് ഒന്നിലാണ് പഠിക്കുന്നതെന്നും അവന്‍ മുസ്ലിം ആയതിനാല്‍ ആക്രമിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ആറും ഏഴും വയസ്സുള്ള കുട്ടികള്‍ പേരു വിളിക്കുകയും അതില്‍ രണ്ടു പേര്‍ മുഖത്തിടിക്കുകയും മറ്റുള്ളവര്‍ അവനെ ചവിട്ടുകയും ചെയ്തു. തന്‍െറ കുട്ടിക്കും കുടുംബത്തിനും നേര്‍ക്കുണ്ടായ വിവേചനത്തോടെ മൂന്നു മക്കളെയുംകൊണ്ട് പാകിസ്താനിലേക്ക് മടങ്ങുകയായിരുന്നെന്നും ഉസ്മാനി അറിയിച്ചു.

സിലിക്കണ്‍ വാലിയിലെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ചീഫ് ടെക്നോളജി ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു 38കാരനായ ഉസ്മാനി.  ഏതാനും മാസം മുമ്പ് ഉസ്മാനിയെ അയല്‍വാസി വംശീയാധിക്ഷേപം നടത്തിയതായും കുട്ടികളെ തീവ്രവാദികള്‍ എന്നു വിളിച്ചിരുന്നതായും പറയുന്നു.  

‘കാലം ഒരുപാട് മാറിയിരിക്കുന്നു. ഇത് ഇപ്പോള്‍ ഞാന്‍ പഠിച്ച സമയത്തെ അമേരിക്കയല്ല’ -അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും പാകിസ്താനിലെ സുരക്ഷിതമായ സ്കൂള്‍ സംവിധാനത്തിനായുള്ള യു.എന്നിന്‍െറ ‘സ്പെഷല്‍ എന്‍വോയ് ഫോര്‍ ഗ്ളോബല്‍ എജുക്കേഷനി’ലെ പ്രവര്‍ത്തകനായിരുന്നെന്നും ഉസ്മാനി പറയുന്നു. യു.എസില്‍ ട്രംപ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തങ്ങള്‍ക്ക് അവിടെ സുരക്ഷിതത്വമുണ്ടാവുമോ എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ ഇനി യു.എസിലേക്കുള്ളൂ എന്നാണ് അദ്ദേഹത്തിന്‍െറ തീരുമാനം.

Tags:    
News Summary - 7-year-old Pakistani boy beaten on US bus for 'being Muslim'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.