ഒാസ് ലോ: 2016ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം കൊളംബിയൻ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസിന്. 52 വർഷം നീണ്ട കൊളംബിയൻ ആഭ്യന്തര യുദ്ധത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സാന്‍റോസിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
അതേസമയം, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയിൽ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ ഫാര്‍ക്കും തമ്മിലുള്ള സമാധാന കരാറിനെ കൊളംബിയൻ ജനങ്ങൾ തള്ളികളഞ്ഞിരുന്നു. ഹിതപരിശോധനയിൽ 50.24 ശതമാനം ജനങ്ങൾ കരാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോൾ 49.8 ശതമാനം പേർ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. എന്നാൽ, ഹിതപരിശോധനാ ഫലം എതിരാണെങ്കിലും സമാധാന ശ്രമങ്ങളെ കൊളംബിയൻ ജനത അംഗീകരിച്ചില്ലെന്ന് കരുതാവില്ലെന്ന് നൊബേൽ പുരസ്കാര കമ്മിറ്റി വക്താവ് ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 26നാണ് കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിൽ ഒപ്പുവെച്ചത്. ക്യൂബൻ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു കരാർ. കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയുമാണ് കരാറില്‍ ഒപ്പിട്ടത്. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സമാധാന കരാര്‍ നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം സെക്രട്ടറി ജനറൽ ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കി. ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്നു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം. നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതരെ യു.എന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറ്റും. സായുധ സംഘടനയിൽ നിന്നു മാറി ഫാര്‍ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ധാരണയായി.
1964ല്‍ വിമതര്‍ സര്‍ക്കാറിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേരെയാണ് രാജ്യം കുരുതികൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.