വാഷിങ്ടൺ: ഖത്തറുമായുള്ള ബന്ധം സൗദിയും സഖ്യരാജ്യങ്ങളും വിച്ഛേദിച്ചതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി സംബന്ധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിവിധ ഗൾഫ് നേതാക്കളുമായി സംസാരിച്ചു. ഖത്തർ, സൗദി അറേബ്യ, അബൂദബി എന്നിവിടങ്ങളിലെ നേതാക്കളുമായാണ് ട്രംപ് ഫോണിൽ സംസാരിച്ചത്.
പ്രതിസന്ധിയിൽ അമേരിക്കക്കുള്ള ആശങ്ക നേതാക്കളുമായി പങ്കുവെച്ച അദ്ദേഹം െഎക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിച്ചത്. പ്രതിസന്ധി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അമീർ ട്രംപുമായി സംസാരിച്ചതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിക്കാനും തീവ്രവാദ ആശയങ്ങളെ നിരുത്സാഹപ്പെടുത്താനും നേതാക്കളോട് ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. റിയാദ് ഉച്ചകോടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും മേഖലയുടെ സുസ്ഥിരതക്കും െഎക്യം അനിവാര്യമാണെന്നും യു.എസ് പ്രസിഡൻറ് നേതാക്കളെ അറിയിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഉൗദുമായും അബൂദബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായും ഞായറാഴ്ച രാത്രിയാണ് ട്രംപ് ഫോണിൽ സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.