അനധികൃത കുടിയേറ്റക്കാരെ ഉടന്‍ പുറത്താക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: 30 ലക്ഷം അനധികൃത കുടിയേറ്റക്കാരെ ഉടന്‍ പുറത്താക്കുമെന്ന് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ്. ഞായറാഴ്ച സി.ബി.എസ് ചാനല്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ട്രംപ് തന്‍െറ നിലപാട് പ്രഖ്യാപിച്ചത്. ‘‘ക്രിമിനലുകളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും  ഗുണ്ടാസംഘത്തിലെ അംഗങ്ങളുമായ ആളുകളെ ഉടന്‍ പുറത്താക്കും. അവരെ നമ്മള്‍ നാടുകടത്തുകയോ, തുറുങ്കിലടക്കുകയോ ചെയ്യും’’ -ട്രംപ് പറഞ്ഞു.

എന്നാല്‍, ട്രംപിന്‍െറ പ്രസ്താവന കുടിയേറ്റക്കാരുടെ വിഷയത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കകത്തെ ഭിന്നത പ്രകടമാക്കി. കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്നത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുഖ്യവിഷയമല്ളെന്ന് ഞായറാഴ്ച യു.എസ് കോണ്‍ഗ്രസ് സ്പീക്കറും റിപ്പബ്ളിക്കന്‍ നേതാവുമായ പോള്‍ റയാന്‍ സി.എന്‍.എന്നിനോട് പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കുകയാണ് വേണ്ടതെന്നും കൂട്ടമായി നാടുകടത്തുന്നതിനെ കുറിച്ച് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പറഞ്ഞ പോള്‍ റയാന്‍ അതേക്കുറിച്ച് ട്രംപ് ഇപ്പോള്‍ ആലോചിക്കുന്നില്ളെന്നും പറഞ്ഞിരുന്നു.

എന്നാല്‍, ഇതിന് പിന്നാലെയാണ് ട്രംപിന്‍െറ അഭിമുഖം സി.ബി.എസ് സംപ്രേഷണം ചെയ്തത്. അഭിമുഖത്തില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയുമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ചില മേഖലകളില്‍ മതിലുകള്‍ക്ക് പകരം വേലികളായിരിക്കുമെന്ന് പറഞ്ഞ ട്രംപ്, മതിലുകള്‍ നിര്‍മിക്കുന്നതില്‍ താന്‍ വിദഗ്ധനാണെന്നും അവകാശപ്പെട്ടു.

ഹംഗറി അഭയാര്‍ഥികളുടെ പ്രവാഹം തടഞ്ഞത് അതിര്‍ത്തിയില്‍ മതില്‍ പണിതാണെന്ന് ട്രംപിന്‍െറ അടുപ്പക്കാരില്‍ ഒരാളായ ന്യൂറ്റള ഗിങ്റിച്ച് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

Tags:    
News Summary - Donald Trump to deport up to three million immigrants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.