വാഷിങ്ടൺ: അത്യാസന്ന നിലയിലാണെന്ന അഭ്യൂഹങ്ങൾക്കിടെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ആശംസകൾ നേർന്ന് അ മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്വീറ്റിലൂടെയാണ് കിം ജോങ് ഉന്നിന് സുഖം പ്രാപിക്കട്ടെ എന്ന ആശംസ ട്രംപ് നേർ ന്നത്.
"റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. നമ്മുക്ക് അറിയില്ല. കിം ജോങ് ഉന്നുമായി നല്ല ബന്ധമാണുള്ളത്. സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയെ കുറിച്ചുള്ള റിപ്പോർട്ട് ഗൗരവമുള്ളതാണ്."-ട്രംപ് ചൂണ്ടിക്കാട്ടി.
കിമ്മിന്‍റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരുന്നതായി യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്‍റെ ആരോഗ്യനില സംബന്ധിച്ച് അസാധാരണ കാര്യങ്ങളൊന്നുമില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില വഷളായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഏപ്രിൽ 12ന് കിം ഹൃദയശസ്ത്രക്രിയക്ക് വിധേയനായതായും സുഖംപ്രാപിച്ച് വരുന്നതായും ദക്ഷിണ കൊറിയൻ പത്രം പറയുന്നു.
പുകവലി, അമിതവണ്ണം, അമിത ജോലി എന്നിവയാണത്രെ ഉത്തര കൊറിയൻ നേതാവിന്‍റെ ആരോഗ്യത്തെ ബാധിച്ചത്. എന്നാൽ, കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചതായാണ് ചില അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഏപ്രിൽ 15ന് നടന്ന മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ കിം പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ച് ഊഹാപോഹങ്ങൾ ഉയർന്നത്. ഏപ്രിൽ 11നാണ് കിം അവസാനമായി പുറംലോകം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.