ഫിദല്‍ കാസ്ട്രോയാകും ലോകം കണ്ട ഏറ്റവും സുന്ദരനായ, വിജയിച്ച വിപ്ളവകാരി. മാര്‍കേസിന്‍െറ നോവലിലെ കേണല്‍ അറീലിനിയോ ബുവേന്‍ഡിയ പോലും കാസ്ട്രോയുടെ രൂപസാദൃശ്യം പേറുന്നുണ്ട്. ലോകത്തിന് വിപ്ളവത്തെപ്പറ്റിയുള്ള ഈ കാല്‍പനിക ഛായ കാസ്ട്രോയില്‍ വന്നുപെട്ടതല്ല. മറിച്ച് ചരിത്രത്തില്‍ വിജയിച്ച, വിജയം ആറു പതിറ്റാണ്ടിനിപ്പുറം മരണംവരെ നിലനിര്‍ത്തിയ ഒരു നേതാവ് സ്വയം ആര്‍ജിച്ചെടുത്തതാണ്. വിജയിച്ച വിപ്ളവങ്ങളെ അട്ടിമറിക്കാന്‍ എന്നും ശ്രമിച്ച സാമ്രാജ്യത്വത്തിനെതിരെ (അമേരിക്കക്കെതിരെ) ഏറ്റവും ശക്തമായ നിലപാടെടുത്ത ഭരണാധികാരിയും കാസ്ട്രോയാണ്. കഴിഞ്ഞ ആറു ദശകത്തിനിടയില്‍ അമേരിക്കയുടെ ഉപരോധങ്ങളെയും സൈനിക ചുറ്റിവളയലുകളെയും അതിജീവിക്കാന്‍ തന്‍െറ കൊച്ചുരാജ്യത്തിന് കാസ്ട്രോ നേതൃത്വംകൊടുത്തു. അങ്ങനെ മരണത്തിനും വളരെ മുമ്പേ ചരിത്രം അദ്ദേഹത്തെ ശരിവെച്ചു. 1959ല്‍ ക്യൂബന്‍ വിപ്ളവം നടക്കുമ്പോള്‍ ഫിദല്‍ അലക്സാന്‍ഡ്രോ കാസ്ട്രോ റൂസിന് പ്രായം 33 (വിപ്ളവം 1953ല്‍ തുടങ്ങുമ്പോള്‍ 26 വയസ്സ്). ലെനിനും മാവോയും തങ്ങളുടെ രാജ്യത്തില്‍ വിപ്ളവം വിജയിപ്പിക്കുമ്പോള്‍ അമ്പതിനോടടുത്തോ അതിനെക്കാള്‍ കൂടുതലോ ആയിരുന്നു പ്രായം. വിപ്ളവം യുവത്വത്തിന്‍െറ രാഷ്ട്രീയ കലയാണെന്ന് ലോകത്തോട് ആദ്യമായി കാസ്ട്രോ പ്രഖ്യാപിച്ചു. 1953 ജൂലൈ 26ന് ഫിദലും അദ്ദേഹത്തിന്‍െറ 165 സഖാക്കളും ചേര്‍ന്ന് മോന്‍കാഡ ബാരക്ക് ആക്രമിച്ചു. ശത്രുവിന്‍െറ സൈനികശക്തിക്ക് പ്രഹരമേല്‍പിക്കാനും ജനങ്ങളെ സായുധവഴിയില്‍ അണിനിരത്താനുമായിരുന്നു ആ ആക്രമണം. ബാറ്റിസ്റ്റയുടെ സൈന്യം ഭൂരിപക്ഷം സഖാക്കളെയും വെടിവെച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തി. പിടിയിലായ കാസ്ട്രോയെ 76 ദിവസം ഏകാന്ത തടവില്‍ അടച്ചു. എല്ലാ നിയമ, മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താനെന്തിന് പോരാടുന്നുവെന്ന വാദമുഖം അവതരിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: ‘‘എന്‍െറ തടവറ ജീവിതം മറ്റാരുടേതിനെക്കാളും കഠിനമായിരിക്കുമെന്ന് എനിക്കറിയാം. എന്നാല്‍, എന്‍െറ 70 സഖാക്കളുടെ ജീവനെടുത്ത ഭീകരവാഴ്ചക്കാരന്‍െറ ക്രോധത്തെ എനിക്ക് ഭയമില്ലാതിരുന്നതുപോലെ തന്നെ ഞാന്‍ ജയിലിനെയും ഭയപ്പെടുന്നില്ല. എനിക്ക് ശിക്ഷ വിധിച്ചോളൂ. അതു സാരമില്ല. ചരിത്രം എന്നെ കുറ്റക്കാരനല്ളെന്ന് വിധിക്കും’’.
ഭയരാഹിത്യമായിരുന്നു കാസ്ട്രോയുടെ മുഖമുദ്ര. 22 മാസത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് വിട്ടയക്കപ്പെട്ട കാസ്ട്രോ വീണ്ടും വിപ്ളവത്തിനിറങ്ങി.
1956 നവംബര്‍ 25ന് ക്യൂബന്‍ തീരത്ത് ഗ്രാന്മ എന്ന യാനത്തില്‍ കാസ്ട്രോയും ചെഗുവേരയും നയിച്ച വിപ്ളവകാരികള്‍ വന്നിറങ്ങി. മൂന്നു വര്‍ഷത്തെ പോരാട്ടത്തിലൂടെ 1959 ജനുവരി ഒന്നിന് അവര്‍ ഹവാന പിടിച്ചെടുത്ത് താല്‍ക്കാലിക പ്രസിഡന്‍റിനെ വാഴിച്ചു. രണ്ടുനാള്‍ കഴിഞ്ഞ് സാന്‍റിയഗോ ഡി ക്യൂബയുടെ നിയന്ത്രണം കാസ്ട്രോ ഏറ്റെടുത്തു. പ്രക്ഷുബ്ധമായ നാളുകള്‍ക്കൊടുവില്‍ രാജ്യത്തിന്‍െറ ഭരണസാരഥ്യവും. വിപ്ളവത്തിനുമുമ്പ് കമ്യൂണിസ്റ്റല്ലായിരുന്ന കാസ്ട്രോ രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ച് അതിന്‍െറ നേതാവായി.
പതിയെ സോഷ്യലിസ്റ്റ് ചേരിയിലേക്ക് നീങ്ങിയ ക്യൂബയെ തകര്‍ക്കാനായി പിന്നീട് അമേരിക്കയുടെ നീക്കങ്ങള്‍. 1961ലെ ബേ ഓഫ് പിഗ്സ് ആക്രമണത്തോടെ അമേരിക്കയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും കാസ്ട്രോ വിച്ഛേദിച്ചു. യു.എസ് എംബസിയിലെ എല്ലാവരോടും ക്യൂബ വിട്ടുപോകാന്‍ അന്ത്യശാസനമിറക്കി. 1962ല്‍ ക്യൂബക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. വിഷം നിറച്ച ചുരുട്ടടക്കം നല്‍കി 600ലേറെ തവണ സി.ഐ.എ കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചു. നിതാന്തമായ രാഷ്ട്രീയ ജാഗ്രത കൊലയാളികളെ കീഴ്പ്പെടുത്തി. അരയില്‍ സൂക്ഷിച്ച തോക്ക് ഐക്യരാഷ്ട്രസഭയിലടക്കം എടുത്തുമാറ്റാന്‍ വിസമ്മതിച്ചു.
കാസ്ട്രോ സോവിയറ്റ് യൂനിയനുമായി ഐക്യം സ്ഥാപിച്ചതോടെ ശീതയുദ്ധം ക്യൂബയെയും വല്ലാതെ ചുറ്റിവളഞ്ഞു. 1962ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി മനുഷ്യരുടെ സര്‍വനാശം എന്ന തലത്തിന് ഏതാണ്ട് അടുത്തത്തെി. ക്യൂബയിലുള്ള റഷ്യന്‍ ആണവ മിസൈലുകളെച്ചൊല്ലിയായിരുന്നു അത്. ഈ മിസൈലുകള്‍ സ്ഥാപിച്ചത് കാസ്ട്രോയുടെ ക്ഷണപ്രകാരമായിരുന്നു.
ഈ പ്രശ്നം മൂര്‍ച്ഛിച്ച സമയത്ത് സോവിയറ്റ് തലവന്‍ ക്രൂഷ്ചേവിനോട് അമേരിക്ക ക്യൂബയെ ആക്രമിക്കുകയാണെങ്കില്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കണമെന്ന് കാസ്ട്രോ കത്തെഴുതി (അതൊരു തെറ്റായിരുന്നുവെന്ന് അവസാന കാലത്ത് കുറ്റസമ്മതം). പീന്നീട് വര്‍ഷങ്ങള്‍ നീണ്ട അമേരിക്കന്‍ സാമ്പത്തിക ഉപരോധത്തോട് ക്യൂബ ഒറ്റക്ക് പോരാടി. ക്യൂബ കീഴടങ്ങുമെന്നു കരുതിയ അമേരിക്കക്ക് തെറ്റി. ഒടുവില്‍ അവര്‍ മുട്ടുമടക്കി സന്ധിസംഭാഷണത്തിന് വന്നു.
ഐക്യ ലാറ്റിനമേരിക്കയായിരുന്നു കാസ്ട്രോയുടെ ലക്ഷ്യം. ഒരു സോഷ്യലിസ്റ്റ് ലാറ്റിനമേരിക്ക. അതിനായി ബൊളീവിയില്‍ തുടക്കം കുറിച്ച രഹസ്യ വിപ്ളവനീക്കം ചെഗുവേരയുടെ രക്തസാക്ഷിത്വത്തോടെ തകര്‍ന്നുപോയെങ്കിലും കാസ്ട്രോ പ്രതീക്ഷ വെച്ചുപുലര്‍ത്തി. 1976ലെ ആണവ നിര്‍വ്യാപന കരാര്‍ ഏകപക്ഷീയവും അമേരിക്കന്‍ താല്‍പര്യപ്രകാരവുമാണെന്ന് വ്യക്തമാക്കി ഒപ്പുവെക്കാന്‍ കാസ്ട്രോ വിസമ്മതിച്ചു. സോവിയറ്റ് ചേരിയിലായിരിക്കുമ്പോഴും ചെക്കോസ്ലോവാക്യക്കെതിരെ സോവിയറ്റ് യൂനിയന്‍ നടത്തിയ സൈനിക അധിനിവേശത്തെ എതിര്‍ത്തു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ വിയറ്റ്നാം ജനതക്ക് പിന്തുണ നല്‍കി. ഇസ്രായേല്‍ സൈന്യം സിറിയയില്‍ കടക്കുന്നതു തടയാന്‍ 4,000 വരുന്ന ക്യൂബന്‍ സൈനികരെ സിറിയയില്‍ വിന്യസിച്ചു. ഫലസ്തീനൊപ്പം നിലകൊണ്ട കാസ്ട്രോ ഒരു ഘട്ടത്തില്‍ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.
അംഗോളയിലെയും മൊസാംബീകിലെയും അമേരിക്കന്‍ അട്ടിമറികളെ തടഞ്ഞു. ആഫ്രിക്കയിലെ വര്‍ണവെറിയെ എതിര്‍ത്തു. ചേരിചേരാ പ്രസ്ഥാനത്തിന്‍െറ നായകനായി. ഇന്ത്യയുടെ സുഹൃത്തായി. 2006 ജൂലൈ 31ന് എല്ലാ പദവികളും അനിയനും ക്യൂബന്‍ വിപ്ളവനായകരില്‍ ഒരാളുമായ റാഉളിന് കൈമാറി. ആ ഘട്ടത്തിലും അമേരിക്ക നീട്ടിയ സന്ധിയുടെ കൈകളെ കാസ്ട്രോ തട്ടിത്തെറിപ്പിച്ചു.
വിപ്ളവം, വിപ്ളവത്തിനു ശേഷമുള്ള പരിഷ്കാരങ്ങള്‍, സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ വരുത്തിയ വീഴ്ചകള്‍, ഏകാധിപത്യം, ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യല്‍, വിമതരെ ജയിലിലടക്കല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കൂട്ടക്കൊലകള്‍, അവസാന കാലഘട്ടത്തില്‍ നടത്തിയ ചില ഒത്തുതീര്‍പ്പുകള്‍ തുടങ്ങിയ നിരവധി നടപടികളുടെ പേരില്‍ വിമര്‍ശനങ്ങളില്‍നിന്ന് ചരിത്രം കാസ്ട്രോയെ ഒഴിവാക്കില്ല. പക്ഷേ, അമേരിക്കന്‍ സാമ്രാജ്യത്വത്തെ ചെറുക്കുന്നതില്‍ നിവര്‍ന്നുനിന്നതു വഴി സമകാലിക ചരിത്രത്തില്‍ കാസ്ട്രോ മാത്രമാകുന്നു ശരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.