ജറൂസലം: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിനു പരിഹാരം കാണാൻ ഇന്ത്യക്കു നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇസ്രായേലുമായുള്ള തർക്കങ്ങളുടെ പരിഹാരത്തിനും ഇന്ത്യക്കു വഹിക്കാവുന്ന പങ്കിനെപ്പറ്റിയും ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തും.
ഫലസ്തീൻ ജനതയും ഇന്ത്യക്കാരും തമ്മിലുള്ള ശക്തമായ ബന്ധം വെളിപ്പെടുത്തുന്ന സ്വീകരണമായിരിക്കും മോദിക്ക് ഒരുക്കുകയെന്നും പി.ടി.ഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ചയാണ് മോദി റാമല്ലയിലെത്തുക.യു.എസ് ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതിനെതിരെ റാമല്ലയിൽ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഫലസ്തീൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
‘‘സമാധാന ശ്രമങ്ങൾ, ഉഭയകക്ഷിബന്ധം, പ്രാദേശിക പ്രശ്നങ്ങൾ ഇവയെല്ലാം മോദിയുമായി ചർച്ചചെയ്യും. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യക്കു നിർണായക പങ്ക് വഹിക്കാനാകും. രാജ്യാന്തര തലത്തിൽ ഇന്ത്യ ബഹുമാന്യമായ രാജ്യമാണ്. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇന്ത്യ നൽകുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് മോദിയുടെ സന്ദർശനം’’ -അബ്ബാസ് ചൂണ്ടിക്കാട്ടി.
ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രരാഷ്ട്രം വേണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം. യു.എൻ പൊതുസഭയിലെ ഇന്ത്യയുൾപ്പെടെയുള്ള 128 രാജ്യങ്ങൾ ട്രംപിെൻറ പ്രഖ്യാപനത്തിനെതിരെയാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യ എതിരെ വോട്ട് ചെയ്തതിൽ നിരാശയുണ്ടെന്നും കാലക്രമേണ ആ സമീപനത്തിൽ മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.