വാഷിങ്ടൺ: കുടിയേറ്റക്കാരുടെ കുട്ടികളെ കുടുംബത്തിൽനിന്ന് വേർപെടുത്തുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നയത്തിനെതിരെ വിമർശനം ശക്തമാകുന്നു. പ്രസിഡൻറിെൻറ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപും മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷിെൻറ ഭാര്യയും മുൻ പ്രഥമ വനിതയുമായ ലോറ ബുഷുമാണ് കഴിഞ്ഞ ദിവസം നിയമത്തിനെതിരെ രംഗത്തുവന്നത്.
കുടുംബങ്ങളിൽനിന്ന് കുട്ടികൾ വേർപെടുത്തപ്പെടുന്നത് വെറുപ്പോടെയാണ് പ്രഥമ വനിത കാണുന്നതെന്ന് മെലാനിയയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. യു.എസ് പ്രഥമ വനിത സർക്കാറിെൻറ നയപരമായ കാര്യങ്ങളിൽ അപൂർവമായി മാത്രമാണ് പ്രസ്താവനയിറക്കാറുള്ളത്. നിലവിലെ അവസ്ഥ പരിഹരിക്കുന്നതിന് എല്ലാ വിഭാഗത്തിനും യോജിച്ച പരിഷ്കരണമുണ്ടാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
‘വാഷിങ്ടൺ പോസ്റ്റ്’ പത്രത്തിൽ എഴുതിയ കുറിപ്പിലാണ് മുൻ പ്രഥമ വനിത ലോറ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്ന രീതി അപലപനീയവും ക്രൂരവും അധാർമികവുമാെണന്ന് അവർ കുറിപ്പിൽ പറയുന്നു. ട്രംപ് അനുകൂലിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗവുമായ ബുഷിെൻറ ഭാര്യയുടെ അഭിപ്രായപ്രകടനം മാധ്യമങ്ങൾ വലിയ പ്രാധാന്യപൂർവമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നമ്മുടെ സർക്കാർ കുട്ടികളെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇൗ ചിത്രങ്ങൾ രണ്ടാം ലോക യുദ്ധകാലത്തെ ജപ്പാനീസ് അമേരിക്കൻ കാമ്പുകളെ ഒാർമിപ്പിക്കുന്നതാണ്. യു.എസ് ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത് -ലോറ കുറിച്ചു. അതിനിടെ, കുട്ടികളെ മാതാപിതാക്കളിൽനിന്ന് വേർപെടുത്തുന്ന യു.എസ് സർക്കാറിെൻറ നടപടി ഉടൻ നിർത്തിവെക്കണമെന്ന് യു.എൻ മനുഷ്യാവകാശ സംഘടനയും ആവശ്യപ്പെട്ടു. കുട്ടികളെ കുടുംബത്തിൽനിന്ന് വേർപെടുത്തുന്നത് മനസ്സാക്ഷിക്ക് യോജിക്കാനാവാത്ത നടപടിയാണെന്ന് മനുഷ്യാവകാശ കൗൺസിൽ അധ്യക്ഷൻ സൈദ് റഅദ് അൽ ഹുസൈൻ പറഞ്ഞു.
കഴിഞ്ഞ ആറാഴ്ചക്കിടയിൽ യു.എസ്-മെക്സിക്കൻ അതിർത്തിയിൽ 2000ത്തോളം കുട്ടികളെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തിയതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മെക്സിക്കൻ അതിർത്തി വഴി യു.എസിലേക്ക് അഭയാർഥികൾ എത്തുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ട്രംപ് ഭരണത്തിലേറിയതോടെയാണ് നിയമം കർശനമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.