റഷ്യൻ ഇടപെടൽ: തിരിച്ചടിക്കുമെന്ന്​ ഒബാമ

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചുവെന്ന ആരോപണം തെളിഞ്ഞാല്‍ തിരിച്ചടി ഉറപ്പാണെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ. നാഷനല്‍ പബ്ളിക് റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലം നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അനുകൂലമാക്കാന്‍ റഷ്യന്‍ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണമുണ്ടായെന്നാണ് യു.എസ് ചാരസംഘടന സി.ഐ.എയുടെ നിഗമനം. റഷ്യന്‍ ഇടപെടലുണ്ടായതായി അന്വേഷണ ഏജന്‍സി എഫ്.ബി.ഐയും സമ്മതിച്ചെങ്കിലും അത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കുവേണ്ടിയായിരുന്നെന്ന് വ്യക്തമായിട്ടില്ളെന്നാണ് അറിയിച്ചത്. ഹിലരിയോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്താമാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ഇതുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ വിവരം.

ഉചിതമായ സന്ദര്‍ഭം നോക്കി പ്രതികരണ നടപടിയുണ്ടാവുമെന്നാണ് ഒബാമ റേഡിയോ അഭിമുഖത്തില്‍ പറഞ്ഞത്. പരസ്യമായി തന്നെ തിരിച്ചടിച്ചേക്കുമെന്ന് പറഞ്ഞ ഒബാമ, ചില നടപടികള്‍ രഹസ്യമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനും രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടക്കാനും നേതൃത്വംനല്‍കിയ കെ.ജി.ബി ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സിറിയയിലെ കൂട്ടക്കുരുതിക്ക് പിന്നിലെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ ഉദ്ദേശിച്ച് ഒബാമ കുറ്റപ്പെടുത്തി. യു.എസ് മുന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് റീഗന്‍െറ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ പൊടുന്നനെ റഷ്യയെ അനുമോദിക്കുന്നത് അവിശ്വസനീയമാണെന്നും ഒബാമ പറഞ്ഞു.

അഭിമുഖത്തിന്‍െറ പൂര്‍ണരൂപം സംപ്രേഷണം ചെയ്തിട്ടില്ല. എന്നാല്‍, യു.എസ് ആരോപണങ്ങളില്‍ റഷ്യ അദ്ഭുതം രേഖപ്പെടുത്തി.  ആക്ഷേപങ്ങള്‍ കേള്‍ക്കുന്നവരെ വിശ്വസിപ്പിക്കാന്‍ യു.എസ് ഏറെ മെനക്കെടുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.
ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യംവെച്ച് കെട്ടിച്ചമച്ചതാണെന്ന് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ട്രംപിന് അനുകൂലമാക്കാന്‍ റഷ്യ, യു.എസ് പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സി.ഐ.എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011ലെ റഷ്യന്‍ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ പുടിന്‍െറ സത്യസന്ധത ചോദ്യംചെയ്ത ഹിലരിയോട് ഒരിക്കലും ക്ഷമിക്കില്ളെന്നും തെരഞ്ഞെടുപ്പിനെതിരെ തെരുവുകളില്‍ പ്രതിഷേധമുയരാന്‍ കാരണക്കാരിയായത് ഹിലരിയാണെന്നും പുടിന്‍ ആരോപിക്കുകയുണ്ടായി.

 

Tags:    
News Summary - Obama vows action against Russia over election hacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.