ചാൾസ്റ്റൺ: അമേരിക്കയിലെ പ്രഥമ വനിത മിഷേൽ ഒബാമക്ക് നേരെയും വംശീയ അധിക്ഷേപം. വെർജീനിയ ഡവലപ്മെന്‍റ് ഗ്രൂപ് ഡയറക്ടറും ക്ളേ കൗണ്ടി മേയറുമാണ് മിഷേൽ ഒബാമക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
വെർജീനിയ ഡവലപ്മെന്‍റ് കോർപ്പറേറ്റ് ഡയറക്ടർ പമേല ടെയ് ലർ ഡൊണാൾഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിറകെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. വൈറ്റ് ഹൗസിൽ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേൽക്കുന്നതിൽ സന്തോഷം തോന്നുന്നു. ഹൈഹീൽ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപോയി- എന്നായിരുന്നു പമേലയുടെ ഫേസ്ബുക് പോസ്റ്റ്.
പ്രശ്നത്തിന് എരിവ് പകർന്ന് പോസ്റ്റിനെ അനുകൂലിച്ച് ക്ളേ കൗണ്ടി മേയർ ബെവർലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി. വിസാസ് ടി.വി റിപ്പോർട്ട് ചെയ്ത വാർത്ത നൂറുക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. പിന്നീട് ഈ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, ഫേസ്ബുക്കിൽ നിന്ന് ഇവരുടെ അക്കൗണ്ടുകൾ തന്നെ അപ്രത്യക്ഷമായി. രണ്ടുപേരെയും ഇപ്പോൾ ഫോണിൽ പോലും ലഭിക്കുന്നില്ല എന്ന് അടുത്ത വൃത്തങ്ങളും പറയുന്നു.
വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഇവരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഓൺലൈൻ പരാതി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.