വാഷിങ്ടൺ: ഉത്തര കൊറിയയുടെ ആണവ പരീക്ഷണത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അപലപിച്ചു. ശത്രുതാപരവും അപകടകരവുമായ നീക്കമെന്നാണ് ട്രംപ് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. അമേരിക്കക്കുനേരെ ശത്രുതാപരമായ നടപടികൾ തുടരുന്ന ഉത്തരകൊറിയ ചൈനക്കും ഭീഷണിയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ജർമൻ ചാൻസലർ അംഗല മെർകൽ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എന്നീ രാഷ്ട്രത്തലവന്മാരും ഉത്തരെകാറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തെ അപലപിച്ചു. ഞായറാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച് ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത്. രാജ്യത്ത് സുപ്രധാന സംഭവങ്ങൾ നടക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനൽ അവതാരക റി ചുൻ ഹീ ആണ് വാർത്ത രാജ്യത്തെ അറിയിച്ചത്.
പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയക്കെതിരെ ചൈനയും ജപ്പാനും രംഗത്തുവന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും വിമർശിച്ചു.അന്താരാഷ്ട്രതലത്തിലുള്ള ശക്തമായ വെല്ലുവിളികൾ അവഗണിച്ചാണ് ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. ഉത്തര കൊറിയയിലെ കിൽജു കൗണ്ടിയിൽനിന്നായിരുന്നു പരീക്ഷണം.
ജപ്പാനാണ് പരീക്ഷണം ആദ്യമായി സ്ഥിരീകരിച്ചത്.ഇക്കഴിഞ്ഞ ജൂലൈയിൽ യു.എസിനെ മുഴുവൻ വരുതിയിലാക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു.
ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായി ചുമതലയേറ്റശേഷം ഉത്തര കൊറിയയുടെ ആദ്യ ആണവ പരീക്ഷണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.