ജനീവ: ചൈനയും ഇറ്റലിയും കഴിഞ്ഞാൽ കോവിഡ്-19െൻറ വ്യാപന കേന്ദ്രമായി യു.എസ് മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എസിൽ അതിവേഗത്തിലാണ് വൈറസ് പടരുന്നത്. യു.എസിൽ 54,867 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 785 ആയി. 163 പേരാണ് ചൊവ്വാഴ്ചമാത്രം മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളിൽ 85 ശതമാനവും റിപ്പോർട്ട് ചെയ്തത് യൂറോപ്പിലും യു.എസിലുമാണ്. അതിൽതന്നെ 40 ശതമാനം യു.എസിലാണ്. യു.എസിെൻറ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന രീതിയിലാണ് കോവിഡ് വ്യാപനം. സംസ്ഥാനങ്ങളെല്ലാം അടച്ചിട്ടിരിക്കയാണ്. രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനത്തും മാസ്കും വെൻറിലേറ്ററും എത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ സ്വദേശികളായ യു.എസ്.എസ് തിയോഡോർ റൂസ്വെൽറ്റ് വിമാനവാഹിനിക്കപ്പലിലെ മൂന്ന് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കപ്പലിൽ മൂവരുമായും ബന്ധം പുലർത്തിയിരുന്നവരെ നിരീക്ഷണത്തിലാക്കി. 5000 പേരാണ് കപ്പലിലുണ്ടായിരുന്നു.
അതിനിടെ, കോവിഡ് തകർത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ട്രംപും സെനറ്റും 1.8 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന് അംഗീകാരം നൽകി. തകർന്ന വ്യവസായ സ്ഥാപനങ്ങളും ആരോഗ്യമേഖലയും പുനരുജ്ജീവിപ്പിക്കാനാണ് പാക്കേജ്. യുദ്ധകാലത്തെ നിക്ഷേപം എന്നാണ് പാക്കേജിനെ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ് നേതാവ് മിച്ച് മക്കോണൽ വിശേഷിപ്പിച്ചത്. പാക്കേജ് പ്രഖ്യാപിച്ചതോടെ വാൾസ്ട്രീറ്റ്, ഡൗ ജോൺസ് ഓഹരികൾ കുതിച്ചു. ചൊവ്വാഴ്ച ജാപ്പനീസ്, യൂറോപ്യൻ ഓഹരിവിപണിയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.